HealthKERALAMTHRISSUR

ആരോഗ്യ ബോധവത്കരണ ക്യാമ്പയിൻ; ആരോഗ്യ സംഭാഷണങ്ങൾക്കായി തൃശ്ശൂർ ജില്ലയിൽ ‘ചായ പീടിക’ – ആരോഗ്യ പട്ടണത്തിലെ ചായക്കഥ ” ക്യാമ്പയിൻ ആരംഭിച്ചു

പ്രഥമ ക്യാമ്പയിൻ കൊടുങ്ങല്ലൂർ ആനാപ്പുഴയിൽ ആരംഭിച്ചു

ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റെ നൂതന സംരംഭമായ ‘ചായ പീടിക’ – ആരോഗ്യ പട്ടണത്തിലെ ചായക്കഥ” എന്ന ബോധവത്കരണ യജ്ഞത്തിന്റെ ജില്ലയിലെ പ്രഥമ ക്യാമ്പയിന് കൊടുങ്ങലൂർ ആനാപ്പുഴയിൽ തുടക്കമായി. പഴയ ചായ പീടികയുടെ പ്രതീതിയിൽ പൊതുജനങ്ങളെ പൊതുവേദിയിൽ ഒത്തു ചേർത്ത് ആരോഗ്യ സംഭാഷണ ആശയങ്ങൾ പങ്ക് വയ്ക്കാൻ വേദിയൊരുക്കി ജനങ്ങളെ ബോധവത്കരിക്കുകയാണ് ക്യാമ്പയിൻ ലക്ഷ്യം വെക്കുന്നത്. ആരോഗ്യത്തിലേക്ക് ഒരു ചുവട് എന്ന പേരിൽ ആനാപ്പുഴ ജംഗ്ഷനിലെ പണ്ഡിറ്റ് കറുപ്പൻ മെമ്മോറിയൽ സ്ക്വയറിൽ നിന്ന് സായാഹ്ന കൂട്ട നടത്തത്തോടെയാണ് പരിപാടി ആരംഭിച്ചത്. ആരോഗ്യസംഭാഷണം, ബോധവത്കരണ ലഘു നാടകം, ബിഎംഐ ചെക്കിങും ഡയറ്റ് കൗൺസിലിങ്ങും, ആരോഗ്യ പരിശോധനകൾ, പോഷകാഹാര പ്രദർശനം, ആരോഗ്യ സന്ദേശങ്ങളടങ്ങിയ കളികൾ, പ്രദേശവാസികളുടെ കൾച്ചറൽ ഫെസ്റ്റ്, ഔഷധ സസ്യ വിതരണം, മെഡിക്കൽ ക്യാമ്പ് തുടങ്ങി വിവിധ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ജില്ലയിലെ മുഴുവൻ നഗരസഭകൾ, നഗരകുടുംബാരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പൊതുവേദികളിൽ ആകർഷകമായ ആഘോഷ പരിപാടികളും നടക്കും. തദ്ദേശീയമായ ആരോഗ്യ വിഷയങ്ങളായിരിക്കും ക്യാമ്പയിനിലൂടെ ബോധവത്കരണത്തിനായി ഓരോ നഗരസഭയിലും തിരഞ്ഞെടുക്കുക. ആദ്യഘട്ടത്തിൽ ഓരോ നഗരസഭയിലും ഒരു ദിവസം വൈകീട്ട് 4 മണി മുതൽ 7 മണിവരെ പരമാവധി പൊതുജനങ്ങളെ പങ്കെടുപ്പിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുക. പ്രകൃതിദത്തമായ ചെമ്പരത്തി ചായ, ശംഖുപുഷ്പം ചായ, പുതിന ചായ, ചുക്കുകാപ്പി, ശംഖുപുഷ്പം സർബത്ത്, പോഷക ഇലയട തുടങ്ങിയവും ക്യാമ്പയിനിൽ പങ്കെടുത്തവർക്ക് നൽകി. കൊടുങ്ങല്ലൂർ നഗരസഭയുടെ കീഴിൽ വരുന്ന ആനാപ്പുഴയിലെ നഗര കുടുംബരോഗ്യകേന്ദ്രത്തിന് സമീപം സംഘടിപ്പിച്ച ക്യാമ്പയിൻ അഡ്വ. വി.ആർ. സുനിൽ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി ശ്രീദേവി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. സജീവ് കുമാർ, നഗരസഭ സ്ഥിരം സമിതി അംഗങ്ങൾ, നഗരസഭ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.