ആക്രിപെറുക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പതിനൊന്നുകാരന് ദാരുണാന്ത്യം
എറണാകുളം: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ ജാതി തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകന് ദാരുണാന്ത്യം. ആസം സ്വദേശിയായ 11 വയസുകാരന് റാബുല്‍ ഹുസൈനാണ് മരിച്ചത്. സഹോദരനെ പരിക്കുകളോടെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തെകുറിച്ച് പൊലീസും കെഎസ്ഇബിയും അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ പതിനോന്നരയോടെയാണ് സംഭവം. റാബുലും മാതാപിതാക്കളും ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് അപടമുണ്ടായത്. ഉപയോഗശൂന്യമായ കമ്പിയെന്ന ധാരണയില്‍ പൊട്ടികിടന്ന വൈദ്യുതി കമ്പിയില്‍ പിടിച്ചതാകാം കാരണമെന്നാണ് കരുതുന്നത്.
കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാരണാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും റാബുല്‍ ഹുസൈന് മരിച്ചിരുന്നു. കാലുകള്‍ക്ക് പൊള്ളലേറ്റ സഹോദരനെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാതി തോട്ടത്തില്‍ വൈദ്യുതി കമ്പി പൊട്ടിവീഴാനിടയായ സാഹചര്യത്തെകുറിച്ച് പോലീസും കെ എസ്ഇബിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വൈദ്യുതി കമ്പി തോട്ടത്തില്‍ പൊട്ടികിടന്നത് എങ്ങനെയെന്ന് വ്യക്തമില്ല. കമ്പി പൊട്ടിയിട്ട് വൈദ്യുതി വിതരണം നിര്‍ത്തിവെക്കാനോ കമ്പി നീക്കാനോ നടപടി സ്വീകരിക്കാത്തത് സംബന്ധിച്ചും വ്യക്തതയില്ല. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.