General

റിപ്പോനിരക്കില്‍ മാറ്റമില്ല; മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചു. മുഖ്യപലിശനിരക്കായ റിപ്പോനിരക്കില്‍ മാറ്റമില്ല. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും.
കഴിഞ്ഞ നാല് അവലോകന യോഗങ്ങളിലും റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. നാണയപ്പെരുപ്പം നിയന്ത്രണവിധേയമാണെങ്കിലും വിലക്കയറ്റിന് ഊര്‍ജ്ജം പകരുന്ന യാതൊരു നടപടികളും സ്വീകരിക്കേണ്ടതില്ലെന്നാണ് റിസര്‍വ് ബാങ്ക് നിലപാട്. സ്റ്റാന്‍ഡിങ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനമായും തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
ഭക്ഷ്യോല്‍പ്പനങ്ങളുടെ വിലക്കയറ്റ ഭീഷണി തുടരുന്ന പശ്ചാത്തലത്തിലാണ് മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനത്തില്‍ എത്തിയത്. രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നല്ലനിലയില്‍ മുന്നോട്ടുപോകുന്നതില്‍ ആര്‍ബിഐ സംതൃപ്തി രേഖപ്പെടുത്തി.