പ്രളയ ദുരിതത്തില് തമിഴ്നാട്; ആറ് ജില്ലകളി യെല്ലോ അലർട്ട്
ചെന്നൈ: പ്രളയ ദുരതത്തിൽ തെക്കൻ തമിഴ്നാട്. കനത്ത മഴയിൽ 9 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. വീട്ടിൽ വെള്ളം കയറിയും മതിലിടിഞ്ഞുമാണ് അപകടങ്ങൾ. 7500 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ദുരിതാശ്വാസ പദ്ധതികൾ ചർച്ച ചെയ്യാനായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് പ്രധാനമന്ത്രിയെ കാണും. രാത്രി 10.30 നാണ് കൂടിക്കാഴ്ച്ച.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തോട് കൂടുതൽ തുക ആവശ്യപ്പെട്ടതായി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സ്റ്റാലിൻ പറഞ്ഞു. അടിയന്തര സഹായത്തിനായി 7,300 കോടി രൂപയും ശാശ്വത സഹായത്തിനായി 12,000 കോടി രൂപയുമാണ് ആവശ്യപ്പെട്ടത്.
രക്ഷാപ്രവർത്തനങ്ങൾക്കായി എട്ട് മന്ത്രിമാരെയും 10 ഐഎഎസ് ഉദ്യോഗസ്ഥരെയും അയച്ചിട്ടുണ്ടെന്നും എസ്ഡിആർഎഫിന്റെയും എൻഡിആർഎഫിന്റെയും 15 ടീമുകൾ മറ്റ് സേനകൾക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ 12,553 പേരെ രക്ഷപ്പെടുത്തി 143 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി. ദുരിതബാധിത ജില്ലകൾക്ക് തമിഴ്നാട് സർക്കാർ ധനസഹായം നൽകുമെന്നും അടിയന്തര സഹായമെന്ന നിലയിൽ ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശ്രീവൈകുണ്ഠത്ത് ട്രെയിനിൽ കുടുങ്ങിയ 800 യാത്രക്കാരിൽ 300 ഓളം പേരെ നാല് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകളും രണ്ട് മിനി വാനുകളും ഉപയോഗിച്ച് അടുത്തുള്ള സർക്കാർ സ്കൂളിലേക്ക് മാറ്റി. വഴിയിൽ പാലം കരകവിഞ്ഞൊഴുകിയതിനാൽ ബാക്കി 500 യാത്രക്കാരെ രക്ഷിക്കാനായിട്ടില്ല.
ഇതിനിടയിൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ ആറ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.