ഇറാക്കിൽ കാണാതായ കുവൈറ്റ്, സൗദി പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഇറാഖിലെ അൻബാർ ഗവർണറേറ്റിൽ കാണാതായ കുവൈറ്റ് പൗരന്റെയും സൗദി സ്വദേശിയുടെയും മൃതദേഹങ്ങൾ ഇറാഖ് അധികൃതർ കണ്ടെടുത്തതായി വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുല്ല അൽ ജാബർ അൽ സബാഹ് വെളിപ്പെടുത്തി. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ ആണ് കണ്ടെത്തിയത് . പരന്നുകിടക്കുന്ന ഇറാക്ക് മരുഭൂമിയിൽ വാഹനത്തോടൊപ്പം കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ. ഇറാക്ക് സേനയുമായുള്ള പോരാട്ട സമയത്ത് ഐ എസ് തീവ്രവാദികൾ പാകിയ പൊട്ടാത്ത കുഴിബോംബ് യാത്രക്കിടെ ഇവരുടെ വാഹനത്തിൽ തട്ടി പൊട്ടിത്തെറിച്ചതാവാമെന്നാണ് നിഗമനം. സന്ദർശന വിസയിൽ ഇറാഖിലേക്ക് ലാൻഡ് ക്രൂസർ വാഹനത്തിൽ പുറപ്പെട്ട കുവൈറ്റിയെയും കുവൈറ്റിൽ താമസക്കാരനായ സൗദി പൗരനെയും കുറിച്ച് വിവരം ലഭിക്കാതെ ആയതോടെ ബന്ധുക്കൾ ഉടൻ കുവൈറ്റ് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടുകയും ഇറാക്ക് അധികൃതർക്ക് വിവരം നൽകുകയും ചെയ്തു . തുടർന്ന് ഇറാക്ക് സുരക്ഷാ വിഭാഗം മരുപ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ ആണ് കത്തിക്കരിഞ്ഞ നിലയിൽ ഇവരെ കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി മൃദദേഹങ്ങൾ കുവൈറ്റിലെത്തിക്കുന്നതിനു നീക്കം ആരംഭിച്ചതായി ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങളും അറിയിച്ചു.