കടന്നപ്പള്ളിയും ഗണേഷ് കുമാറും ഇന്ന് അധികാരമേല്‍ക്കും: ഗവർണർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും
തിരുവനന്തപുരം: കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകീട്ട് 4 ന് രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ പുതുതായി അധികാരമേല്‍ക്കുന്ന മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം ഉള്ളതിനാൽ ചീഫ് സെക്രട്ടറി വി വേണു ചടങ്ങിന് എത്തില്ല. പകരം അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് പങ്കെടുക്കുക.
എല്‍ ഡി എഫിലെ മുന്‍ ധാരണ പ്രകാരമാണ് രണ്ടര വർഷത്തിന് ശേഷമുള്ള മന്ത്രിസഭയിലെ അഴിച്ചുപണി. ഇത് അനുസരിച്ച് ഐ എന്‍ എല്‍ നേതാവ് അഹമ്മദ് ദേവർ കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവും നേരത്തെ മന്ത്രി പദവി രാജിവെച്ചിരുന്നു. ആന്റണി രാജു വഹിച്ച ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും അഹമ്മദ് ദേവർകോവില്‍ വഹിച്ച തുറമുഖ വകുപ്പ് രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും ലഭിക്കും. രണ്ട് വകുപ്പുകളും ഇരുവരും നേരത്തെ വഹിച്ചിരുന്നവരാണ്.
ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോൺഗ്രസ് ബി ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇന്ന് രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയവും കൂടി ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.