Business

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠക്കുള്ള വിഗ്രഹം തെരഞ്ഞെടുത്തു; തയ്യാറാക്കിയത് ശിൽപി യോഗിരാജ് അരുൺ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠക്കായുള്ള ശ്രീരാമവി​ഗ്രഹം തിരഞ്ഞെടുത്തു. പ്രശസ്ത ശില്‍പിയും മൈസൂരു സ്വദേശിയുമായ അരുൺ യോ​ഗിരാജ് തയ്യാറാക്കിയ ശിൽപമാണ് ഇതിനായി തിരഞ്ഞെടുത്തത്. ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യോഗിരാജ് നിർമിച്ച വിഗ്രഹമാണ് അയോധ്യയിൽ പ്രതിഷ്ഠിക്കാനായി തിരഞ്ഞെടുത്തതെന്ന് മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ സുരേഷ് കുമാറും സ്ഥിരീകരിച്ചു. ജനുവരി 22ന് ഈ ശ്രീരാമവി​ഗ്രഹം അയോധ്യയിൽ പ്രതിഷ്ഠിക്കും. ഇത് സംസ്ഥാനത്തെ മുഴുവൻ രാമഭക്തർക്കും അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ്.
ബെംഗളൂരു സ്വദേശി ഗണേഷ് ഭട്ട്, രാജസ്ഥാൻ സ്വദേശി സത്യ നാരായൺ പാണ്ഡെ എന്നിവരുമായി സഹകരിച്ചാണ് അരുൺ യോ​ഗിരാജ് ഈ ശിൽപം നിർമിച്ചത്. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റാണ് യോഗിരാജിന്റെ ശിൽപം തിരഞ്ഞെടുത്തത്.
ഇത് സംസ്ഥാനത്തിനും കർണാടകയുടെ സാംസ്കാരിക തലസ്ഥാനമായ മൈസൂരിനും അഭിമാനകരമായ നേട്ടമാണെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു. കർണാടകയിലെ ചിക്കമംഗളൂരുവിനടുത്താണ് രാമഭക്തനായ ഹനുമാന്റെ ജന്മസ്ഥലമായ കിഷ്കിന്ധ സ്ഥിതി ചെയ്യുന്നതെന്ന് വിശ്വസിക്കപ്പെടുതെന്നും അതിനാൽ കർണാടകയ്ക്ക് ശ്രീരാമനുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.