നോവലിസ്റ്റ് ജോസഫ് വൈറ്റില അന്തരിച്ചു
കഥാകൃത്തും നോവലിസ്റ്റുമായ ജോസഫ് വൈറ്റില അന്തരിച്ചു. 84 വയസ്സായിരുന്നു. എറണാകുളം തൈക്കുടത്തെ വീട്ടിലായിരുന്നു അന്ത്യം. 2012ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ മുഖപത്രമായ ‘സമയം’ മാസികയുടെ പത്രാധിപരായിരുന്നു. നോവൽ, നാടകം, കഥ, തിരക്കഥ വിഭാഗങ്ങളിലായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ചരമ വാർഷികം, പാവങ്ങളുടെ പാഞ്ചാലി, ആശ്രമം തുടങ്ങിയവ പ്രധാന കൃതികൾ.
ആദ്യമായി 18-ാം വയസ്സിൽ ചരമവാർഷികം എന്ന കൃതി മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ചു. പാവങ്ങളുടെ പാഞ്ചാലി, ആശ്രമം, പീഡിതരുടെ സങ്കീർത്തനം എന്നീ കൃതികൾ രണ്ടാം വർഷം പുറത്തിറക്കി. സ്വാമി നിർമ്മലാനന്ദന്റെ ആശ്രമത്തിൽ അന്തേവാസിയായി കഴിഞ്ഞിരുന്ന അനുഭവങ്ങളിൽ നിന്നുമാണ് ആശ്രമം എന്ന കൃതി രചിച്ചത്. നവദർശന എന്ന നാടക ട്രൂപ്പ് തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. വിജയ കരോട്ടിൽ സംവിധാനം നിർവഹിച്ച ചെമ്മീൻകെട്ട് എന്ന ചലച്ചിത്രത്തിനു തിരക്കഥ രചിച്ചു. പിന്നീട് സിബി മലയിൽ സംവിധാനം ചെയ്ത മുദ്ര എന്ന ചിത്രത്തിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു.
ഭരതനടനം എന്ന നോവൽ പിജെ ആന്റണിയുടെ ജീവിതകഥയെ ആസ്പദമാക്കി കാർട്ടൂണിസ്റ്റ് ജോഷി ജോർജുമായി ചെർന്നെഴുതിയയതാണ്. കമ്പക്കല്ല് എന്ന മറ്റൊരുനോവലും ഇരുവരും ചേർന്ന് എഴുതിയിട്ടുണ്ട്. ഭാര്യ: എലിസബത്ത്. മക്കൾ: ദീപ, ജോൺവില്യം, അപർണ. സംസ്‌കാരം ജനുവരി 9 ന് വൈകിട്ട് അഞ്ചിന് തൈക്കൂടം സെന്റ് റാഫേൽ പള്ളിയിൽ.