THRISSUR

പുത്തന്‍ മുഖവുമായി പുത്തൂര്‍ ഗവ. എല്‍ പി സ്‌കൂള്‍

തൃശൂർ: പുത്തൂര്‍ ഗവ. എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. വിദ്യാകിരണം മിഷന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. പൊതുവിദ്യാഭ്യാസ മേഖലയിലെ വികസനങ്ങള്‍ക്കായി 4875 സ്‌കൂളുകളിലായി 6922 കോടി രൂപ സര്‍ക്കാര്‍ ചെലവിട്ടതായി മന്ത്രി പറഞ്ഞു. അക്കാദമിക നിലവാരം ഉയര്‍ത്തുന്നതോടൊപ്പം പാഠ്യേതര വിഷയങ്ങളിലൂടെയും കുട്ടികളെ അറിവിന്റെ ലോകത്തേക്ക് നയിക്കുന്ന സമ്പ്രദായം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നേറുന്നത്. നവകേരള സൃഷ്ടിയില്‍ നാടിന്റെ മൂലധന നിക്ഷേപമായാണ് ഓരോ കുട്ടിയെയും സര്‍ക്കാര്‍ വീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രണ്ടു നിലകളിലായി അഞ്ച് ക്ലാസ് മുറികള്‍ ഉള്ള എല്‍ പി വിഭാഗമാണ് ഉദ്ഘാടനം ചെയ്തത്. രണ്ടു കോടി രൂപയുടെ ഹൈസ്‌കൂള്‍ കെട്ടിട നിര്‍മാണവും അവസാന ഘട്ടത്തിലാണ്. പുത്തൂര്‍ സ്‌കൂളില്‍ നിര്‍മാണ അനുമതി ലഭിച്ച മൂന്ന് കോടിയുടെ ഗ്രൗണ്ട് നിര്‍മാണത്തില്‍ വിപുലമായി മഡ് കോര്‍ട്ടും ഓപ്പണ്‍ ജിമ്മും അനുബന്ധ സംവിധാനങ്ങളും ഉള്‍പ്പെടെ വിശാലമായ സ്റ്റേഡിയമാണ് വിഭാവനം ചെയ്യുന്നത്. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ വിവിധ സംവിധാനങ്ങള്‍ക്കായി പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാത്രമായി 12 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്.
പുത്തൂര്‍ ഗവ. എല്‍ പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ആര്‍ രവി അധ്യക്ഷനായി. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശ്വതി സുനീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ പി എസ് ബാബു, പി എസ് സജിത്ത്, നളിനി വിശ്വംഭരന്‍, ലിബി വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗം പി ബി സുരേന്ദ്രന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി ഷാജിമോന്‍, എസ് എസ്‌ കെ ഡി പി സി ഡോ.എന്‍ ജെ ബിനോയ്, വിദ്യാകരണം ജില്ലാ കോഡിനേറ്റര്‍ എന്‍ കെ രമേശ്, എ.ഇ.ഒ പി എം ബാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍മാരായ എസ് മരകതം, ലിയ തോമസ്, ഹെഡ്മിസ്ട്രസ്മാരായ കെ എ ഉഷാകുമാരി, റിംസി തോമസ്, പിടിഎ പ്രതിനിധികളായ എം അരവിന്ദാക്ഷന്‍, മേഘ സുമേഷ്, പിടിസിഎം കെ എല്‍ പൊറിഞ്ചു, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവരും പങ്കെടുത്തു. പുത്തൂര്‍ ഗവ. എല്‍. പി സ്‌കൂളിന്റെ 104-മത്തെ വാര്‍ഷികാഘോഷവും, അധ്യാപക രക്ഷാകര്‍ത്വ ദിനവും യാത്രയയപ്പും അനുബന്ധമായി നടന്നു.