KERALAM

സംസ്ഥാന ബജറ്റ് 2024-25; മദ്യ നിരക്കുകള്‍ വര്‍ധിക്കും, ക്ഷേമപെന്‍ഷനില്‍ മാറ്റമില്ല

തിരുവനന്തപുരം: 2024- 25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനത്ത് മദ്യ വില കൂടും. അടുത്ത സാമ്പത്തിക വര്‍ഷത്തിലാണ് വര്‍ധന നടപ്പാക്കുക. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിനാണ് വില വര്‍ധിപ്പിക്കുന്നത്. ഇവയുടെ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപയാണ് കൂട്ടിയത്. ഗൽവനേജ് ഫീസിനത്തിൽ 200 കോടി രൂപ സമാഹരിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് നിലവിൽ നൽകുന്ന 1600 രൂപ ക്ഷേമപെൻഷൻ ഉയര്‍ത്തില്ലെന്ന് മന്ത്രി പറഞ്ഞു. കുടിശിക ഇനത്തിൽ കൊടുത്ത് തീര്‍ക്കാനുള്ള പെൻഷൻ തുക അടുത്ത സാമ്പത്തിക വര്‍ഷം മുതൽ കൊടുത്തു തീര്‍ക്കും. പെൻഷൻ സമയബന്ധികമായി നൽകാൻ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് പറ‌ഞ്ഞ മന്ത്രി, അടുത്ത സാമ്പത്തിക വർഷം പെൻഷൻ സമയബന്ധിതമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ബജറ്റാണ് അവതരിപ്പിച്ചത്. നാളെ മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെയാണ് ബജറ്റ് ചർച്ച.