കുന്നംകുളം താലൂക്ക് ആശുപത്രി മള്‍ട്ടി സെപഷ്യാലിറ്റി ബ്ലോക്ക് കെട്ടിട നിര്‍മാണോദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിർവഹിച്ചു
താലൂക്ക് ആശുപത്രിതലം മുതല്‍ മാമോഗ്രാം സേവനം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
തൃശൂർ: ക്യാന്‍സര്‍ ചികിത്സ വികേന്ദ്രീകരണത്തിനായി താലൂക്ക് ആശുപത്രിതലം മുതല്‍ മാമോഗ്രാം സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ മള്‍ട്ടി സെപഷ്യാലിറ്റി ബ്ലോക്ക് കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളെ രോഗീ സൗഹൃദമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കുന്നംകുളം താലൂക്ക് മള്‍ട്ടി സെപഷ്യാലിറ്റി ആശുപത്രിയായി ഉയരുന്നതോടെ വികസന മുന്നേറ്റത്തില്‍ പുതുചരിത്രം സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ രംഗത്തും കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്ന് മുഖ്യാതിഥിയായ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. കിഫ്ബിയിലൂടെ ഫണ്ട് കണ്ടെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വലിയ വേലിയേറ്റമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുന്നംകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എ സി മൊയ്തീന് എം എല്‍ എ അധ്യക്ഷനായി. മുരളി പെരുനെല്ലി എം എല്‍ എ, കുന്നംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് അംഗം ടി കെ വാസു, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കെ ജെ റീന, കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് എ വി മണികണ്ഠന്, ഗാനരചയിതാവ് ബി കെ ഹരിനാരായണന്, വാര്‍ഡ് കൗണ്‍സിലര്‍ ലബീബ് ഹസന്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്‍കെല്‍ സീനിയര്‍ പ്രൊജക്ട് ഡയറക്ടര്‍ വി പി ജാഫര്‍ ഖാന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.