മദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പയിന് ഒരു മില്യൺ ദിർഹം സംഭാവന പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
ദുബായ് : ബുർജീൽ ഹോൾഡിംഗ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, അമ്മമാരെ ആദരിക്കുന്നതിനായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച മദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പയിന് ഒരു മില്യൺ ദിർഹം സംഭാവന പ്രഖ്യാപിച്ചു. അമ്മമാരെ ആദരിക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി സ്ഥാപിച്ച ഒരു ബില്യൺ ദിർഹം എൻഡോവ്‌മെന്റ് ഫണ്ട് ആണിത്. മദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പെയിനിൽ സംഭാവന ചെയ്യുന്നവർക്ക് അവരുടെ അമ്മമാരുടെ ബഹുമാനാർത്ഥം സംഭാവനകൾ നൽകാൻ കഴിയുന്നു. യു എ ഇ യുടെ മാനവിക ആദർശങ്ങൾ ഉയർത്തി കാട്ടുന്നതിനൊപ്പം വിദ്യാഭ്യാസത്തിലൂടെ അധഃസ്ഥിതരായ വ്യക്തികളെ പിന്തുണയ്‌ക്കാനും മാതാപിതാക്കളെ ബഹുമാനിക്കുന്ന മൂല്യങ്ങൾ, ദയ, അനുകമ്പ, ഐക്യദാർഢ്യം എന്നിവ പ്രോത്സാഹിപ്പിക്കാനും കാമ്പയിൻ ലക്ഷ്യമിടുന്നു.”ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച മദേഴ്‌സ് എൻഡോവ്‌മെന്റ് യു.എ.ഇയുടെ ദയയുടെയും ഉദാരതയുടെയും സന്ദേശം വിപുലീകരിക്കുന്നതായി” ഡോ.ഷംഷീർ വയലിൽ പറഞ്ഞു.