National

തന്ത്രപ്രധാന കച്ചത്തീവ് ദ്വീപ്; കോൺഗ്രസ് നിലപാടിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോൺഗ്രസ് നിലപാടിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും കച്ചത്തീവിനെ കോൺഗ്രസ് നിസ്സാരമായി വിട്ടുകൊടുക്കുകയായിരുന്നുവെന്നും എന്നാണ് സാമൂഹ്യ മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ നരേന്ദ്രമോദി പറയുന്നത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈക്ക് ലഭിച്ച വിവരാവകാശ മറുപടിയുടെ അടിസ്ഥാനത്തിൽ ഒരു ദേശീയ മാധ്യമം തയ്യാറാക്കിയ റിപ്പോർട്ട് പങ്കുവച്ചുകൊണ്ടാണ് മോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. 1974-ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് കച്ചത്തീവിനെ ശ്രീലങ്കയ്ക്ക് കൈമാറിയത്. റിപ്പോർട്ട് കണ്ണുതുറപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നാണ് മോദി വിശേഷിപ്പിച്ചത്. “കച്ചത്തീവിനെ എത്ര നിസാരമായാണ് കോൺഗ്രസ് വിട്ടുകൊടുത്തതെന്നും, ഇന്ത്യൻ ജനതയുടെ മനസ്സിൽ വിശ്വസിക്കാൻ കൊള്ളാത്തവരാണ് കോൺഗ്രസ്സ് എന്ന് വീണ്ടും ഉറപ്പിക്കുന്നതാണ് ഈ സംഭവമെന്നും” മോദി എക്സിൽ കുറിച്ചു.