GeneralTHRISSUR

തൃശൂരിലെ യുവജനങ്ങളുടെ വോട്ടിങ് ശതമാനം വർധിപ്പിക്കാൻ ബോധവത്കരണം

തൃശൂർ : ലോകസഭാ തിരഞ്ഞെടുപ്പിന് യുവജനങ്ങളുടെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കുന്നതിന് സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളജുകള്‍ കേന്ദ്രീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ ബോധവത്കരണം ശ്രദ്ധേയമായി. ചിറ്റിലപ്പള്ളി ഐ.ഇ.എസ് കോളജ് ഓഫ് എന്‍ജിനീയറിങ്, തലക്കോട്ടുക്കര വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നെഹ്‌റു പാര്‍ക്ക് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും യുവതിയുവാക്കള്‍ക്കായും ക്വിസ് മത്സരം, ഫ്‌ളാഷ് മോബ്, കലാപരിപാടികള്‍ എന്നിവ അവതരിപ്പിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ ഏവരും സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാവേണ്ടതിന്റെ പ്രാധാന്യം ഉറപ്പിക്കുന്ന പ്രതിജ്ഞയും ചൊല്ലി.

തൃശൂര്‍ ജില്ലയുടെ പ്രത്യേക വി.ഐ.പി (വോട്ട് ഈസ് പവര്‍, വോട്ടര്‍ ഈസ് പവര്‍ഫുള്‍) ക്യാമ്പയിനിന്റെ ഭാഗമായി റോബോട്ടുകളെയും രംഗത്തിറക്കി. എല്ലാവരെയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയും തിരഞ്ഞെടുപ്പ് സമയത്ത് അറിവോടെ തീരുമാനമെടുക്കാന്‍ വോട്ടര്‍മാരെ തയ്യാറാക്കുകയും ചെയ്യുന്ന വിവിധ ബോധവത്ക്കരണ വീഡിയോകള്‍ റോബോട്ട് വഴി പ്രദര്‍ശിപ്പിച്ചു. റോബോട്ടിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് സെല്‍ഫി എടുക്കാനും അവസരം ഒരുക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണന്‍ ഓഫീസ്, ജില്ലാ സ്വീപ് വിഭാഗം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഏപ്രിൽ 5-ന് മാള ഹോളി ഗ്രേസ് കോളജ് ഓഫ് എൻജിനീയറിങ്, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിങ്, ശോഭ സിറ്റി മാൾ എന്നിവിടങ്ങളിൽ പരിപാടി സംഘടിപ്പിക്കും.