വോട്ടെടുപ്പ് മാതൃകാ നിർദ്ദേശങ്ങൾ
വോട്ടെടുപ്പ് ദിവസം എല്ലാ രാഷ്ട്രീയ പാര്‍ട്ടികൾക്കും സ്ഥാനാര്‍ഥികൾക്കും ഉള്ള മാതൃകാ നിർദ്ദേശങ്ങൾ
സമാധാനപരമായി വോട്ടര്‍മാര്‍ക്ക് യാതൊരു വിധ തടസ്സത്തിനും വിധേയമാകാതെ അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
അംഗീകൃത പ്രവര്‍ത്തര്‍ക്ക് ബാഡ്ജുകളും ഐഡന്റിറ്റി കാര്‍ഡുകളും നല്‍കുക.
സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകള്‍ വെറും (വെള്ള) കടലാസില്‍ ആയിരിക്കുമെന്നും അതില്‍ ഏതെങ്കിലും ചിഹ്നമോ സ്ഥാനാര്‍ഥിയുടെ പേരോ കക്ഷിയുടെ പേരോ ഇല്ലെന്നും ഉറപ്പാക്കുക.
വോട്ടെടുപ്പ് ദിവസം മദ്യം നല്‍കുകയോ വിതരണം നടത്തുകയോ ചെയ്യരുത്.
പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ഇടയില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ പോളിങ് ബൂത്തുകള്‍ക്ക് സമീപം രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും ഒരുക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ബൂത്തിന് സമീപം ആള്‍ക്കൂട്ടം തടയുക.
സ്ഥാനാര്‍ഥികളുടെ ക്യാമ്പുകള്‍ ആര്‍ഭാടരഹിതമാണെന്ന് ഉറപ്പ് വരുത്തുക. ഏതെങ്കിലും ചുവര്‍ പരസ്യങ്ങളോ, കൊടികളോ ചിഹ്നമോ അഥവാ മറ്റ് പ്രചാരണ വസ്തുക്കളോ പ്രദര്‍ശിപ്പിക്കരുത്. ക്യാമ്പുകളില്‍ ഏതെങ്കിലും ആഹാരപദാര്‍ഥങ്ങള്‍ വിതരണം ചെയ്യാനോ ആള്‍ക്കൂട്ടം അനുവദിക്കാനോ പാടില്ല.
വോട്ടെടുപ്പ് ദിവസം വാഹനങ്ങള്‍ ഓടിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്തണങ്ങള്‍ പാലിക്കുക. അധികൃതരുമായി സഹകരിക്കുകയും, പെര്‍മിറ്റ് വാങ്ങി അതാത് വാഹനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും ചെയ്യുക.
സമ്മതിദായകര്‍ ഒഴികെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമാനുസൃതമായ പാസില്ലാത്ത ആരും പോളിങ് ബൂത്തുകളില്‍ പ്രവേശിക്കരുത്.