ഐ ബി പി സി കുവൈറ്റ് മെറിറ്റോറിയസ് അവാര്‍ഡുകള്‍ ഇന്ത്യൻ സ്ഥാനപതി ഡോ.ആദര്‍ശ് സ്വൈക സമ്മാനിച്ചു
കുവൈറ്റ് : ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ (IBPC കുവൈറ്റ്) ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏർപ്പെടുത്തിയ ‘മെറിറ്റോറിയസ് അവാര്‍ഡ്’ നൽകി. സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, IBPC അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ഡോ.ആദര്‍ശ് സ്വൈക അവാർഡുകൾ സമ്മാനിച്ചു.
ഈ വര്‍ഷം, 10, 12 ക്ലാസുകളില്‍ CBSE ബോര്‍ഡില്‍ 95% ഉം അതിനുമുകളിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ 134 വിദ്യാര്‍ത്ഥികളെ സിംസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. അവാര്‍ഡ് നേടുന്നതിനപ്പുറം, വിദ്യാര്‍ത്ഥികള്‍ ആത്മവിശ്വാസത്തോടെ മുന്നേറാനാണ് ശ്രമിക്കേണ്ടതെന്ന് അംബാസഡര്‍ ഡോ.ആദര്‍ശ് സ്വൈക ആഹ്വാനം ചെയ്തു. ‘വികസിത് ഭാരത്’ ലക്ഷ്യമാക്കി ഇന്ത്യയെ ശക്തമാക്കുന്നതില്‍ പങ്കാളികളാകാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ഐ.ബി.പി.സി ഭാരവാഹികളായ ഗുര്‍വിന്ദര്‍ സിംഗ് ലാംബ (ചെയര്‍മാന്‍), കൈസര്‍ ഷാക്കിര്‍ (വൈസ് ചെയര്‍മാന്‍), കെ.പി സുരേഷ് (ജോയിന്റ് സെക്രട്ടറി), സുനിത് അറോറ (ട്രഷറര്‍) എന്നിവര്‍ സന്നിഹിതരായിരുന്നു.
മാസ്റ്റര്‍ രോഹിത് കുവൈറ്റിന്റെയും ഇന്ത്യയുടേയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു. പരിപാടിയുടെ ഡയറക്ടര്‍ സുനിത് അറോറ അതിഥികള്‍ക്ക് സ്വാഗതം പറഞ് അവാര്‍ഡുകളുടെ ചരിത്രവും പ്രാധാന്യവും വിവരിച്ചു. ഗുര്‍വിന്ദര്‍ സിംഗ് ലാംബ അഭിനന്ദന സന്ദേശം നൽകി. ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വിദ്യാഭ്യാസ മികവ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐ ബി പി സി-യുടെ പ്രതിബദ്ധതയാണ് ഇത്തരം അവാര്‍ഡുകളെന്ന് ജോയിന്റ് സെക്രട്ടറി കെ.പി സുരേഷ് നന്ദി പ്രസംഗത്തില്‍ വ്യക്തമാക്കി. ഈ വര്‍ഷം, സിബിഎസ്ഇ ബോര്‍ഡില്‍ 10, 12 ക്ലാസുകളില്‍ 95% ഉം അതിനുമുകളിലും യോഗ്യത നേടിയ 134 വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. സ്വര്‍ണ-വെള്ളി മെഡലുകള്‍ക്ക് ഒപ്പം ക്യാഷ് പ്രൈസുകളും ഷോപ്പിംഗ് വൗച്ചറുകളും വിദ്യാർത്ഥികള്‍ക്ക് കൈമാറി.