കുവൈറ്റിലും തൃശൂർ പൂരം
കുവൈറ്റ് : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക് ) തൃശ്ശൂർ പൂരത്തിന്റെ തനിമയിൽ കുവൈറ്റിൽ ‘പൂരം 2K24’ സംഘടിപ്പിച്ചു.
ട്രാസ്ക് പ്രസിഡന്റ് ബിജു കടവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനറും ട്രാസ്ക് വൈസ് പ്രസിഡന്റുമായ ജഗദാംബരൻ സ്വാഗതവും ട്രഷറർ തൃതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി മുകേഷ് ഗോപാലൻ, വനിതാവേദി ജനറൽ കൺവീനർ ജെസ്നി ഷെമീർ, അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി മാത്യു ജോസഫ്, ജോയ് ആലുക്കാസ് പ്രതിനിധി സൈമൺ പള്ളിക്കുന്നത്ത്, കളിക്കളം ജനറൽ കൺവീനർ അനഘ രാജൻ എന്നിവർ ആശംസകൾ നേർന്നു. സോഷ്യൽ വെൽഫയർ കൺവീനർ സിജു എം എൽ, ആർട്സ് കൺവീനർ ബിജു സി. ഡി, സ്പോർട്സ് കൺവീനർ ജിൽ ചിന്നൻ, ജോയിൻറ് ട്രഷററും മീഡിയ കൺവീനറും ആയ സതീഷ് പൂയത്തും വനിതാവേദി സെക്രട്ടറി ഷാന സിജു, വനിതാവേദി ജോയിൻറ് സെക്രട്ടറി സക്കീന അഷ്‌റഫ്, പൂരം 2K24 ന്റെ ജോയിൻറ് കൺവീനർമാരായ വിനോദ് മേനോൻ, മനോജ് കുറുമ്പയിൽ എന്നിവർ ഏകോപനം നിർവഹിച്ചു.
തൃശ്ശൂർ പൂരത്തിന്റെ എക്സിബിഷൻ സ്റ്റാളുകളെ ഓർമപ്പെടുത്തുന്ന സ്റ്റാളുകൾ, അസോസിയേഷൻ അംഗങ്ങൾ ഒരുക്കിയ നാടൻ രുചി വൈവിധ്യമുള്ള തട്ടുകടകൾ, വിവിധതരം പായസങ്ങൾ, അച്ചാറുകൾ, ശീതളപാനീയങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കുട്ടികൾക്കുള്ള കളിക്കോപ്പുകൾ, വിവിധ തരം വസ്ത്രങ്ങൾ, ഫാൻസി ആഭരണങ്ങൾ എന്നിവയും മറ്റു ജില്ലാ അസോസിയേഷനുകളുടേതടക്കം നിരവധി സ്റ്റാളുകളും എക്സിബിഷന്റെ ഭാഗമായി. കേളി വാദ്യകലാപീഠത്തിന്റെ 15 ഓളം കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച പഞ്ചവാദ്യം, നാടൻ കലാരൂപങ്ങൾ , കാവടി, ഘോഷയാത്ര , മുത്തുകുടയും നെറ്റിപ്പട്ടവും ചാർത്തിയ യാന്ത്രിക ഗജവീരൻ, അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, ചെറുനാടകങ്ങൾ, സെപ്റ്റം മ്യൂസിക് കലാകാരൻമാർ അവതരിപ്പിച്ച ഗാനമേള എന്നിവയും പൂരനഗരിയെ ആവേശഭരിതമാക്കി.