ഇൻഫോക്ക് കുവൈറ്റ് “ഫ്ലോറൻസ് ഫിയസ്റ്റ 2024” മെയ് 9-ന്
കുവൈറ്റ് : കുവൈറ്റിലെ ഇന്ത്യൻ നഴ്‌സുമാരുടെ സംഘടനയായ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് ( ഇൻഫോക്ക്) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള നഴ്സിങ് സമൂഹം മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുന്നതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മെയ് 9 വ്യാഴാഴ്ച്ച വൈകുന്നേരം 4 മണി മുതൽ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ , ജലീബ് അൽ ഷുവൈഖ്( അബ്ബാസിയ)-ൽ ആണ് ആഘോഷങ്ങൾ സങ്കടിപ്പിക്കുന്നത്. ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിംഗലിന്റെ സ്മരണയിൽ “ഫ്ലോറൻസ് ഫിയസ്റ്റ 2024” എന്ന പേരിലാണ് വിപുലമായ നഴ്സസ് ദിനാഘോഷം സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക, കമ്യൂണിറ്റി വെൽഫെയർ ആൻഡ് ലേബർ ഫസ്റ്റ് സെക്രട്ടറി മനസ് രാജ് പട്ടേൽ, ഡയറക്ടർ ഓഫ് നഴ്സിങ് കുവൈറ്റ് ഡോ. ഇമാൻ അൽ അവാദി തുടങ്ങി കുവൈറ്റിന്റെ സമൂഹ്യസംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം നടക്കും. . 1500-ൽ പരം നഴ്സുമാർ പങ്കെടുക്കുന്ന പരിപാടിയിൽ ദീർഘകാലമായി കുവൈറ്റിലെ വിവിധ ഹോസ്പിറ്റലുകളിൽ ജോലി ചെയ്തുവരുന്ന നഴ്സസിനെ ആദരിക്കും. തുടർന്ന് കുവൈറ്റിലെ നഴ്സസും അവരുടെ കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും. പരിപാടിക്ക് മാറ്റുകൂട്ടാൻ ‘സീ കേരളം’ ടിവി നടത്തുന്ന പ്രശസ്ത മ്യൂസിക്ക് റിയാലിറ്റി ഷോ “ സ രി ഗ മ പാ” വിന്നേഴ്സ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്ക് നൈറ്റും ഉണ്ടായിരിക്കും എന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് ബിബിൻ ജോർജ്, സെക്രട്ടറി ഹിമ ഷിബു, പ്രോഗ്രാം കൺവീനർ രാജലക്ഷ്‌മി ശൈമേഷ്, ട്രെഷർ അംബിക ഗോപൻ, വൈസ് പ്രസിഡന്റ് ഷൈജു കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.