THRISSUR

സ്‌കൂള്‍ തുറക്കല്‍ മുന്നൊരുക്കം; യോഗം ചേര്‍ന്നു

ജൂണ്‍ 3 ന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ ജില്ലാതലയോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിഎസ് പ്രിന്‍സിൻ്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ മുന്നൊരുക്കങ്ങളും സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനും മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും എകോപിക്കുന്നതിനും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പി ഇ സി/ എം ഇ സിയുടെ യോഗം ചേരണം. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളില്‍ നിര്‍ത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയില്‍ സൂക്ഷിക്കുകയോ ചെയ്യണം. സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്സ് എന്നിവ മാറ്റണം. സ്‌കൂളിലേയ്ക്കുള്ള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍ എന്നിവ ഒഴിവാക്കണം.

സ്‌കൂള്‍ ബസ്സുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂള്‍ ബസ്സുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എക്‌സസൈസ് വകുപ്പും പോലീസും നിശ്ചിത ഇടവേളകളില്‍ കടകളില്‍ പരിശോധന നടത്തി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ എ ഡി എം ടി മുരളി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഹിം വീട്ടിപറമ്പില്‍, തൃശ്ശൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജയപ്രകാശ് പൂവത്തിങ്കല്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. അനില്‍കുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ ജില്ലാ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു