General

ഇവാൻ ഇളങ്കോ സ്മൃതിയിൽ അലിഞ്ഞ് ‘കളിമൺ കനവുകൾ’

തൃപ്രയാർ: അന്തരിച്ച യുവ ചിത്രകാരൻ ഇവാൻ ഇളങ്കോയുടെ ജന്മദിനത്തിൽ ‘കളിമൺ കനവുകൾ’ എന്ന പേരിൽ കോതകുളം ബീച്ചിൽ കുട്ടികൾക്ക്‌ ആയി കളിമൺ ശില്പനിർമ്മാണം, ചിത്രരചന, പാട്ടും വർത്തമാനവും എന്നിവ ഉൾപ്പെടുത്തി ശില്പശാല സംഘടിപ്പിച്ചു.
വർഷംതോറും കുട്ടികൾക്കായി നടത്താറുള്ള ശില്പശാലയിൽ ഇത്തവണ കളിമൺ ശില്പ നിർമ്മാണമാണത്തിനാണ് പ്രാമുഖ്യം നൽകിയത്. പ്രധാനമായും കുട്ടികൾ മണ്ണിനെ തൊട്ടറിയുക എന്ന ആശയത്തിൽ അധിഷ്ഠിതമായിരുന്നു കളിമൺ ശില്പ നിർമ്മാണം.

പ്രശസ്ത ചിത്രകാരന്മാർ ക്യാൻവാസിലും കുട്ടികൾ പേപ്പറിലും കളിമണ്ണിലുമായി കലാ സൃഷ്ടികൾ നടത്തി. ആർട്ടിസ്റ്റ് രാധാകൃഷ്ണൻ പട്ടാലി, വത്സൻ തൃപ്രയാർ, വിഷ്ണു, സജയ്, അശ്വന്ത് , ശ്രീജിത്ത്, ഹരി എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. സംസ്കാര ബാലസംഘത്തിന്റെ നാടൻ പാട്ടോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഗായിക ചന്ദ്രമതി, റോജി വർഗീസ്, പ്രഭ, ആരഭി, വനജ, സൻസിൽ, അഞ്ജു, അമൃത, നീലാംബരൻ എന്നിവർ പാട്ടുപാടിയും, കവിതചചൊല്ലിയും വേദിയെ സജീവമാക്കി. പ്രൊവിന്റ്, മിഷോ, മൃദുലമധു, മജീദ്, ഡോക്ടർ ദീപു, വത്സൻ, മണിലാൽ, രാധാകൃഷ്ണൻ പാട്ടാലി, ഇമബാബു, വി. പി രഞ്ജിത്ത് എന്നിവർ ഇളങ്കോ ഓർമ്മകൾ പങ്കുവെച്ചു.

ടി വി ബിന്ദു ഏകോപനം നിർവഹിച്ചു. സംസ്കാര സർഗ്ഗവേദി പ്രതിനിധി പുഷ്പമിത്രൻ സ്വാഗതവും, ടെംപിൾ ഓഫ് ആർട്ട് പ്രതിനിധി പ്രേമദാസ് നന്ദിയും രേഖപ്പെടുത്തി. ടെമ്പിൾ ഓഫ് ആർട്ടിന്റെയും സംസ്കാര സർഗ്ഗ വേദിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല നടന്നത്.