THRISSUR

പുത്തൂര്‍ സ്‌കൂളില്‍ വിജയോത്സവം; വിദ്യാര്‍ഥികളെ മന്ത്രി ആദരിച്ചു

എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച പുത്തൂര്‍ ഗവ. വി.എച്ച്.എസ് സ്‌കൂളിലെ വിജയോത്സവം റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി ആദരിച്ചു. എസ്.എസ്.എല്‍.സി- ഒമ്പത് പേര്‍, ഹയര്‍ സെക്കന്‍ഡറി-ആറ്, വി.എച്ച്.എസ്.സി- ഒരാള്‍ക്ക് എന്നിങ്ങനെയാണ് സമ്പൂര്‍ണ എ പ്ലസ് ലഭിച്ചത്. പുത്തൂര്‍ സ്‌കൂളിലെ മൈതാനം ആധുനീകരിക്കുന്നതിന് രണ്ടു കോടി വകയിരുത്തിയതായും ജൂണില്‍ തന്നെ തറക്കല്ലിട്ട് പ്രവൃത്തി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. രണ്ടുകോടി ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടം ഓഗസ്റ്റില്‍ സമര്‍പ്പിക്കും. ചുറ്റുമതിലും കവാടവും വരുന്നതോടെ സ്‌കൂളിന്റെ ഭൗതിക നിലവാരത്തില്‍ വലിയ മാറ്റമുണ്ടാകും. വരാന്‍ പോകുന്ന ലൈബ്രറിയിലേക്ക് തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകം സ്വന്തം കൈയൊപ്പോടെ സ്‌കൂളിന് സംഭാവനയായി നല്‍കണമെന്നും വിദ്യാര്‍ഥികളോട് മന്ത്രി ആവശ്യപ്പെട്ടു. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ സിനി പ്രദീപ്കുമാര്‍, നളിനി വിശ്വംഭരന്‍, പി.എസ് സജിത്ത്, പി.ടി.എ പ്രസിഡണ്ട് അരവിന്ദാക്ഷന്‍, എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ മരതകം, വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ ലിയ, പ്രധാനാധ്യാപിക ഉഷാകുമാരി, സന്തോഷ് പുഴക്കടവില്‍, ഡെയ്‌നി സാനിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.