അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം ആചരിച്ചു
തൃശൂർ : തൊഴില്‍, വനിത ശിശു വികസന വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു. കേരളത്തില്‍ ബാലവേല 0.01 ശതമാനം മാത്രമാണെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ 22 ശതമാനം വരെ കുട്ടികള്‍ തൊഴിലില്‍ ഏര്‍പ്പെടുന്ന സാഹചര്യമാണെന്നും ഇവ തുടച്ചുനീക്കുന്നതിന് ബോധവത്കരണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കളക്ട്രേറ്റിലെ അനക്സ് ഹാളില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം ടി. മുരളി അധ്യക്ഷത വഹിച്ചു. ബാലവേല വിരുദ്ധ ദിനം സ്റ്റിക്കര്‍ പ്രകാശനം ചെയ്തു. സി.ഡബ്ല്യൂ.സി അംഗം അഡ്വ. എ. എം. സിമ്മി ബാലവേലയെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് നയിച്ചു. ജ്വല്ലറി മാനുഫാക്ചര്‍ അസോസിയേഷന് പ്രസിഡന്റ് രവി ചെറുശ്ശേരി, ജില്ലാ ലേബര്‍ ഓഫീസര്‍ എം. എം. ജോവിന്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി.ജി ശരണ്യ തുടങ്ങിയവര്‍ സംസാരിച്ചു.