മനുഷ്യ മനസ്സുകളുടെ സമഗ്ര അപഗ്രഥനവുമായി സുരേന്ദ്രൻ മങ്ങാട്ടിന്റെ ചെറുകഥാ സമാഹാരം കാട്ടുപന്നി
ഏഴ് കഥകൾ ഉൾകൊള്ളുന്നതാണ് പൊലീസ് ഉദ്യോഗസ്ഥനും എഴുത്ത്കാരനുമായ സുരേന്ദ്രൻ മങ്ങാട്ടിന്റെ പുതിയ ചെറുകഥാ സമാഹാരം കാട്ടുപന്നി. കുറ്റാന്വേഷണ കഥകളായി ഈ സമാഹാരത്തിലെ ഏഴു കഥകളെയും കാണാനാകില്ല. പല കഥകളിലും ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽപ്പെട്ട സ്ത്രീ-പുരുഷ മന:ശാസ്ത്രത്തിന്റെ സങ്കീർണ്ണതകളിക്കും സംഘർഷങ്ങളിലേക്കും വെളിച്ചം വീശുന്നുണ്ട്. പല കഥകളിലെയും സ്ത്രീകഥാപാത്രങ്ങളുടെ നിർമ്മിതി ഉറച്ചതും ശില്പ സൗന്ദര്യമുള്ളതുമാണ്.
നൂറാ ഒരു മിസ്സിംങ്ങ് കേസ്സ്, സ്കെച്ച്, അതിജീവിത മൂന്ന് കഥകളിൽ അടയാളപ്പെടുത്തുന്ന നായിക സ്ത്രീകഥാപാത്രങ്ങൾ വളരെ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്നവരും അവർ അസാധാരണ പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നുപോയവരുമാണ് . നൂറാ മധ്യവയസ്സ് പിന്നിട്ട സ്ത്രീയും സ്കെച്ചിലെ മൻസാ ചെറുപ്പക്കാരിയും അതി അതിജീവിതയിലെ മെഹ്റു എന്ന കഥാപാത്രം ഒരു കുട്ടിയുമാണ് . തങ്ങൾ വീണു പോകുന്ന ജീവിത ദുരിതങ്ങളെ വെറും വിധിയായി പഴിക്കാതെ അവയെ നേരിടുന്ന ശക്തമായ സ്ത്രീ മനസ്സുകളെ വളരെ ചാരുതയോടെ ആവിഷ്കരിക്കുകയാണ് സുരേന്ദ്രൻ മങ്ങാട്ട്. കാട്ടുപന്നി എന്ന കഥയുടെ ആവിഷ്കാരവും കാട്ടുപന്നി എന്ന മൃഗീയ ഭാവ രൂപം ഉള്ളിൽ മറഞ്ഞു നിൽക്കുന്ന പ്രതിനായക സ്വത്വത്തിന്റെ വെളിപ്പെടലും വളരെ കയ്യടക്കത്തോടെ എഴുത്തുകാരൻ നിർവഹിക്കുമ്പോൾ കഥാസ്വാദനത്തിന്റെ തലം വേറിട്ട് നിൽക്കുന്ന ഒന്നായി മാറുന്നു. സ്കെച്ച് എന്ന കഥ വളരെ സങ്കീർണമായതും രണ്ടു കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്നതു മാണ്. ഈ കഥാസമാഹാരത്തിലെ എല്ലാ കഥകൾക്കും അനുയോജ്യമായ ചിത്രങ്ങൾ ചേർത്തിട്ടുണ്ട്. സ്കെച്ച് എന്ന കഥയിൽ കൊടുത്തിരിക്കുന്ന ചിത്രം ആ ‘കഥ പറച്ചിലിന്റെ’ ഭാഗം കൂടിയാണ്. പുസ്തകത്തിലെ വരകൾ നടത്തിയിരിക്കുന്ന കീർത്തന ബാലകൃഷ്ണൻ പ്രത്യേകം അഭിനന്ദനമർഹിക്കുന്നുണ്ട്.
വ്യത്യസ്ത സ്ഥലരാശികളിൽ ജീവിച്ചുപോകുന്ന കഥാപാത്രങ്ങളിലൂടെ നമുക്കു മുന്നിലേക്ക് തുറന്നുപിടിക്കുന്ന സങ്കീർണ്ണമായ സത്യങ്ങളെ ഒരു സാക്ഷിയെന്നവണ്ണം കഥകളിൽ ആവിഷ്ക്കരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ എഴുത്തുകാരൻ. ഇരുളൻ, എരിഞ്ഞടങ്ങാത്ത പകൽ, അണികളിലൊരാൾ, നിരുപാധികം, കൗന്തേയൻ, നിഷാദ പർവ്വം തുടങ്ങി ഭാഷ കൊണ്ടും ആഖ്യാനം കൊണ്ടും മലയാള ചെറുകഥാലോകത്ത് വിസ്മയ രചനകൾ നടത്തിയ സുരേന്ദ്രൻ മങ്ങാട്ടിന്റെ ഏഴ് കുറ്റാന്വേഷണ കഥകൾ സമാഹരിച്ചു കൊണ്ടു പുറത്തിറങ്ങുന്ന ഈ പുസ്തകം വായനയുടെ പുത്തൻ അനുഭവമാണ് സൃഷ്ടിക്കുന്നത്. ഏഴു നോവലുകൾ ഉൾപ്പെടെ, ശ്രദ്ധേയമായ പതിനൊന്ന് കൃതികൾക്കുശേഷം സുരേന്ദ്രൻ മങ്ങാട്ടിന്റെതായി ഇറങ്ങുന്ന ഏറ്റവും പുതിയ പുസ്തകമാണ്, ‘കാട്ടുപന്നി’. പുസ്തകത്തിന്റെ കവർ ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത് നൗഷാദ് കാതിയാളം ആണ്.