THRISSUR

കേരളത്തിലെ പൊതു വിദ്യാഭ്യാസം ഏറെ ശക്തിപ്പെട്ടു – മന്ത്രി പി. രാജീവ്

കേരളത്തിലെ പൊതു വിദ്യാഭ്യാസം ഏറെ ശക്തിപ്പെട്ടതായി വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒല്ലൂര്‍ എം.എല്‍.എ അവാര്‍ഡ് 2024 പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂളുകളിലെല്ലാം മികച്ച പശ്ചാത്തല സൗകര്യം ഒരുക്കി സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കിമാറ്റിയിട്ടുണ്ട്. സ്‌കൂളുകളിലെ ഭൗതികമായിട്ടുള്ള മുന്നേറ്റത്തെ അക്കാദമികമായ മികവാക്കി മാറ്റുന്നതരത്തിലുള്ള സമഗ്രമായ പദ്ധതികളാണ് വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ സംസ്ഥാനത്തെ 80,000 അധ്യാപകര്‍ക്ക് സാങ്കേതിക പരിശീലനം നല്‍കി. വിദ്യാര്‍ത്ഥികളുടെ നവീന ആശയങ്ങള്‍ വ്യവസായ മേഖലകള്‍ക്കുകൂടി സഹായകരമാകുന്ന രീതിയിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുരസ്‌കാരം നേടിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും മന്ത്രി അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ എ പ്ലസ് നേടുന്നപോലെതന്നെ ജീവിതത്തിലും എ പ്ലസ് നേടാന്‍ കഴിയുന്നവരാക്കുക എന്നത് മഹത്തരമായ ലക്ഷ്യമാണെന്ന് റവന്യു വകുപ്പു മന്ത്രി കെ. രാജന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പുസ്തക പാഠങ്ങളിലല്ല, വിശാലമായ ജീവിത പാഠപുസ്തകം ഗ്രഹിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. പഠിച്ചിറങ്ങുമ്പോള്‍ പഠനകാലത്തിന്റെ ഓര്‍മ്മക്കായി ഓരോ വിദ്യാര്‍ത്ഥികളും സ്വന്തം കയ്യൊപ്പ് പതിച്ച ഓരോ പുസ്തകമെങ്കിലും പഠിച്ച വിദ്യാലയങ്ങള്‍ക്ക് സമ്മാനിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെള്ളാനിക്കര കാര്‍ഷിക സര്‍വ്വകലാശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരും മുഖ്യാതിഥികളും വിശിഷ്ട വ്യക്തികളും ചേര്‍ന്ന് നൂറുശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സ്, ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ, ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ഇസാഫ് സി.ഇ.ഒ കെ. പോള്‍ തോമസ്, ചലച്ചിത്ര താരങ്ങളായ ജയരാജ് വാര്യര്‍, മിഥുന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍ രവി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹന്‍, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന്‍, നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ്, പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണനന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എസ് വിനയന്‍, കെ.വി സജു, ബ്ലോക്ക് പഞ്ചായത്തംഗം സുമിനി കൈലാസ്, ഗ്രാമ പഞ്ചായത്തംഗം എം.എസ് ഷിനേജ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി. കലാ, സാംസ്‌കാരിക, കായിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.