ജനജീവിതം ദുസ്സഹമാക്കി സർവത്ര വെള്ളം
തൃപ്രയാർ : കര പുഴ ആയി രൂപാന്തരപെട്ട അവസ്ഥയിൽ എന്ത് ചെയ്യണം എന്നറിയാതെ പ്രയാസപ്പെടുകയാണ് തൃപ്രയാറിലെ നിരവധി വീട്ടുകാർ. എൻ എച്ച് ഹൈവേയ്ക്ക് സമാന്തരമായി കിഴക്കേ ടിപ്പു സുൽത്താൻ റോഡിന് പടിഞ്ഞാറ് വശം ജെ കെ തിയ്യറ്ററിനും ടി എസ് ജി എ സ്റ്റേഡിയത്തിനുമിടയിൽ കിടക്കുന്ന പ്രദേശം കഴിഞ്ഞ ഒന്നര മാസമായി പുഴയായി രൂപാന്തരപ്പെട്ടിരിക്കുകയാണ്. ആ വഴിയെ വെള്ളമൊഴുകിയിരുന്ന അങ്ങാടി തോട് എൻ എച്ച് റോഡ് നിർമാണത്തിന്റെ ഭാഗമായി അടഞ്ഞുകിടക്കുന്നതാണ് ഇത്തരത്തിൽ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇതിനെ തുടർന്ന് 30 ൽ പരം വീടുകളിലെ താമസക്കാരായ നൂറോളം മനുഷ്യർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. വെള്ളം കെട്ടി നിൽക്കുന്നതുമൂലം പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നു. വെള്ളം കയറിയത് മൂലം പ്രദേശത്തെ കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകളും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രദേശത്ത് താമസിക്കുന്ന കിടപ്പു രോഗികളും വൃദ്ധജനങ്ങളും വലിയ ദുരിതത്തിൽ ആണ് അകപ്പെട്ടിരിക്കുന്നത്.
ഭീതിദമായ അവസ്ഥയിൽ ഇതിന് ഒരു ശാശ്വത പരിഹാരം കാണാൻ പ്രാദേശിക ഭരണ നേതൃത്വം ഇടപെടണമെന്ന് പരിസരവാസികളും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ആവശ്യമുന്നയിച്ചു. പ്രശ്നപരിഹാരം ഉടനെ ഉണ്ടായില്ലെങ്കിൽ പ്രദേശത്തെ ജനങ്ങളോടൊപ്പം പ്രതിഷേധ പരിപാടികളിൽ അണിനിരക്കുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധികൾ വ്യക്തമാക്കി. പൊന്നാഞ്ചേരി ബാബുരാജ്, കെ.കെ.പുഷ്ക്കരൻ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് വേണ്ടി എ.കെ.തിലകൻഐ.പി.മുരളി തുടങ്ങിയവർ പ്രശ്നപരിഹാരത്തിനായുള്ള ആലോചന യോഗത്തിൽ പങ്കെടുത്തു.