Politics

തൃശൂരിലെ ജനത കേരളത്തിന്റെ പെരുമ ഡൽഹിയിലെത്തിച്ചു; സുരേഷ് ഗോപി

തൃപ്രയാർ : തിരഞ്ഞടുപ്പ് വിജയത്തിന് ശേഷം ആദ്യമായി നാട്ടികയിലെത്തിയ കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് എൻ ഡി എ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ വരവേൽപ്പ് നല്കി. പഞ്ചവാദ്യത്തിന്റെയും, താലപ്പൊലിയുടേയും അകമ്പടിയോടെ, മഹിളാ മോർച്ച പ്രവർത്തകർ ആരതിയുഴിഞ്ഞാണ് സ്വീകരണ വേദിയായ നാട്ടിക എസ് എൻ ഹാളിലേക്ക് മന്ത്രിയെ ആനയിച്ചത്. ബിജെപി മണ്ഡലം പ്രസിഡൻറ് ഇ പി ഹരീഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ് സി മോർച്ച സംസ്ഥാന ജന.സെക്രട്ടറി പി കെ ബാബു സ്വാഗതം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ. കെ കെ അനീഷ് കുമാർ, ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ്, ബിജെപി ജില്ലാ ജന:സെക്രട്ടറിമാരായ അഡ്വ. കെ ആർ ഹരി, ജസ്റ്റിൻ ജേക്കബ്ബ്, നേതാക്കളായ ലോജനൻ അമ്പാട്ട്, പൂർണ്ണിമ സുരേഷ്, സർജ്ജു തൊയക്കാവ്, ഷൈൻ നെടിയിരുപ്പിൽ, എ കെ ചന്ദ്രശേഖരൻ, ജോഷി ബ്ലാങ്ങാട്ട്, ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, അക്ഷയ് കൃഷ്ണ, എന്നിവർ നേതൃത്വം നല്കി.

സുരേഷ് ഗോപിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചരണ ഗാനം പാടിയ നാട്ടിക സ്കൂളിലെ 6-ആം ക്ലാസ് വിദ്യാർത്ഥിനി സുൾഫത്തിനെ മന്ത്രി ഷാൾ അണിയിച്ച് ആദരിച്ചു. ഇരു മുന്നണികളുടെയും ദുഷ്പ്രചരണങ്ങളെ തള്ളി കളഞ്ഞു തന്നെ തിരഞ്ഞെടുത്ത തൃശൂരിലെ ജനത, കേരളത്തിന്റെ പെരുമ ദൽഹിയിലെത്തിച്ചുവെന്നും, അതിന് നന്ദിയായി തൃശൂരിന്റെ വികസന പ്രവർത്തനങ്ങളിലും, സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളിലും ഒരു ജന പ്രതിനിധി എന്ന നിലയിലും മന്ത്രി എന്ന നിലയിലും പരമാവധി ഇടപെടുമെന്ന് സുരേഷ് ഗോപി ഉറപ്പ് നല്കി. സുബീഷ് കൊന്നക്കൻ യോഗത്തിന് നന്ദി രേഖപ്പെടുത്തി . ബിജെപി, ബി ഡി ജെ എസ് മണ്ഡലം കമ്മറ്റികൾ വിവിധ പഞ്ചായത്ത് കമ്മിറ്റികൾ , ബിജെപി മോർച്ചാ കമ്മറ്റികൾ വിവിധ സാമുദായിക, സാമൂഹ്യ സംഘടനകൾ , തൃപ്രയാർ – നാട്ടിക മർച്ചന്റ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.