THRISSUR

മനക്കൊടി – പുളള് – പള്ളിപ്പുറം കോള്‍ ടൂറിസം; ആലോചനായോഗം ചേര്‍ന്നു

സംസ്ഥാനത്തെ പ്രഥമ കോള്‍ ടൂറിസം പദ്ധതിയായ മനക്കൊടി – പുള്ള് – പള്ളിപ്പുറം കോള്‍ ടൂറിസം നടപ്പാക്കുന്നതിനുള്ള ആലോചനായോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിന്‍സിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഫാം ടൂറിസം, പക്ഷി നിരീക്ഷണം, സായാഹ്നസവാരി, ജല യാത്ര, സെല്‍ഫി പോയിന്റുകള്‍, കലാകേന്ദ്രം, വിശ്രമം, സൈക്കിള്‍ സവാരി, കഫറ്റീരിയ, ടേക്ക് എ ബ്രേക്ക്, വാട്ടര്‍ കിയോസ്‌ക്, തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. സൗന്ദര്യവത്ക്കരണം, പാര്‍ക്കിങ് സൗകര്യം, ഇരിപ്പിടങ്ങള്‍, നടപ്പാതകള്‍ എന്നിവയും ഒരുക്കും. ചാഴൂര്‍, അരിമ്പൂര്‍, പാറളം, പഞ്ചായത്ത് പ്രദേശങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടും.സി.സി.മുകുന്ദന്‍ എം.എല്‍.എ രണ്ട് കോടി രൂപയും, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് 50 ലക്ഷം രൂപയും പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളിലെ വിദഗ്ധരേയും, ജനപ്രതിനിധികളേയും ഉള്‍പ്പെടുത്തി വിശദ പഠനം നടത്തി പദ്ധതി രൂപരേഖ തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി ദിദിക പദ്ധതി വിശദീകരിച്ചു. ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് മോഹന്‍ദാസ്, പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി വിനയന്‍, അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജീഷ്, കെ എല്‍ ഡി സി, ടൂറിസം വകുപ്പ്, ശുചിത്വമിഷന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കൃഷി ,മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്തുവകുപ്പ്, തുടങ്ങിയ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.