മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു
മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ 176-ാമത് യോഗം മുകുന്ദപുരം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഉന്നതവിദ്യാഭ്യസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വയനാട് ഉരുള്‍പൊട്ടലില്‍ അകാലത്തില്‍ പൊലിഞ്ഞവര്‍ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. ബണ്ടുകളിലെ തടസ്സങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും മഴ വരുമ്പോള്‍ മാത്രം ശ്രദ്ധിക്കുന്ന രീതിയില്‍ നിന്നും മാറി റഗുലേറ്ററുകളും ഷട്ടറുകളും സമയാസമയങ്ങളില്‍ റിപ്പയര്‍ നടത്തണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ക്രൈസ്റ്റ് കോളേജ് ജംഗ്ഷന് മുതല്‍ പൂതക്കുളം വരെയുള്ള ഭാഗത്ത് കെ.എസ്.ടി.പി. റോഡ് നിര്‍മ്മാണം ഉടന്‍തന്നെ ആരംഭിക്കുന്നതാണെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു. ഇരിങ്ങാലക്കുട ആല്‍ത്തറയിലെ ആലിന്റെ ഉണങ്ങിയ കൊമ്പ് വീണ് കാര്‍ യാത്രക്കാരന് പരുക്ക് പറ്റിയതായി ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. നിലവില്‍ ബസ്സ് സര്‍വീസ് ഇല്ലാത്തതും സര്‍വീസുകള്‍ കുറവുള്ളതുമായ റൂട്ടുകളില്‍ പുതിയ റൂട്ടുകള്‍ നിര്‍ദ്ദേശിക്കുന്നതിന് ആഗസ്റ്റ് 24 ന് വൈകീട്ട് 3 ന് ഇരിങ്ങാലക്കുട നിയോജക മണ്ഡലം ജനകീയ സദസ്സ് സംഘടിപ്പിക്കുന്നതായി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ സിസ്റ്റര്‍ റോസ് ആന്റോ വയനാട് ദുരിതാശ്വാസനിധിയിലേക്ക് നല്കുന്ന 25,000 രൂപ മന്ത്രിക്ക് കൈമാറി. മുകുന്ദപുരം തഹസില്‍ദാര്‍ സി. നാരായണന് യോഗത്തെ സ്വാഗതം ചെയ്തു. യോഗത്തില്‍ വിവിധ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.