വയനാടിനായി മുരിയാട് ഹരിതകർമ്മസേനയുടെ കൈത്താങ്ങ്
മോതിരം നൽകി ദമ്പതിമാർ
സഹായം നൽകി മൂന്നാം ക്ലാസ്സുകാരി
വയനാടിൻ്റെ വേദനയിൽ പങ്കുചേർന്ന് മുരിയാട് പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങൾ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. പഞ്ചായത്തങ്കണത്തിൽ നടന്ന ചടങ്ങിൽ ഹരിതകർമസേന കൺസോർഷ്യം പ്രസിഡൻ്റ് രാധാ ദാസൻ, സെക്രട്ടറി സി.എസ് ശ്രീജ എന്നിവരുടെ നേതൃത്വത്തിൽ ഹരിതകർമ്മ സേനാംഗങ്ങൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന് അംഗങ്ങളിൽ നിന്നും സമാഹരിച്ച വേതന തുക സി എം ഡി ആർ എഫിലേക്ക് നൽകുന്നതിനായി കൈമാറി. പഞ്ചായത്തംഗങ്ങൾ സമാഹരിച്ച തുക വൈസ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾ ചേർന്ന് മന്ത്രിക്ക് കൈമാറി.
പുല്ലൂർ സഹരണ ബാങ്ക് ഭരണ സമിതി അംഗം ബാബു ചുക്കത്തും സഹധർമിണി രമണിയും ചേർന്ന് സ്വർണ്ണ മോതിരം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി മന്ത്രിക്ക് കൈമാറി.
ആനന്ദപുരം ഷീ ഹെൽത്ത് സെൻ്റെർ സഹോദരിമാർ സമാഹരിച്ച തുക ഇൻസ്ട്രക്ടർ സിന്ധു സാന്ദ്രയുടെ നേതൃത്തിൽ മന്ത്രിക്ക് കൈമാറി.ആനന്ദപുരം ശ്രീകൃഷ്ണ സ്ക്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി കൃഷ്ണനന്ദ പഠനാവശ്യത്തിനും, വസ്ത്രം വാങ്ങാനുമായി കരുതിവച്ച 2000 രൂപയും ദുരിതാശ്വാസനിധിയിലക്ക് കൈമാറി. മുരിയാട് കൃഷിഭവനിലെ സലിത, പ്രതീഷ് ദമ്പതികളുടെ മകളാണ് കൃഷ്ണനന്ദ.പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡൻ്റ് രതി ഗോപി, ക്ഷേമകാര്യ സമിതി ചെയർ പേഴ്സൺ സരിതാ സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.യു. വിജയൻ, പഞ്ചായത്തംഗം തോമസ് തൊകലത്ത്, അസി. സെക്രട്ടറി പി.ബി ജോഷി, പഞ്ചായത്ത് അംഗങ്ങളായ കെ. വൃന്ദകുമാരി, ജിനി സതീശൻ, ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, ഹെൽത്ത് ഇൻസ്പെക്ടർ ഡിൽജി ശശികല തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.