35 വർഷങ്ങൾക്ക് ശേഷം ഒരു ഫ്രെയിമിൽ അവർ ഒത്തുകൂടി
വലപ്പാട് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ 1987 – 88 എസ്എസ്എൽസി ബാച്ച് ഒരുക്കിയ ഹ്രസ്വചിത്രം ‘ഫേഡിങ് ഷാഡോസ്’
നിറഞ്ഞ സദസ്സിൽ തൃപ്രയാർ വി ബി മാളിൽ റിലീസ് ചെയ്തു. 35 വർഷങ്ങൾക്ക് ശേഷം ഒത്തുകൂടിയ സഹപാഠികളുടെ ആശയം സ്ക്രിപ്റ്റായി രൂപപ്പെടുകയും മിഴിവാർന്ന ഒരു ഹസ്വചിത്രമായി മാറുകയും ആയിരുന്നു. കൂട്ടായ്മയിൽ ഉള്ള സഹപാഠികളുടെ വരികളിൽ നിന്നും വാചകങ്ങളിൽ നിന്നും പിറവികൊണ്ടതാണ് മൂലകഥ. ഇതിൽ അഭിനയിച്ചവരും അണിയറ പ്രവർത്തകരും 1987- 88 ബാച്ചിലെ സഹപാഠികളും കുടുംബാംഗങ്ങളും ആണ്.
അഭിനയവും സിനിമയുമായി ഒരു ബന്ധവും ഇല്ലാത്തവരാണെങ്കിലും അർപ്പണബോധം സിനിമക്ക് ജീവൻ നൽകി. നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച സിനിമയെക്കുറിച്ച് സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ അഭിപ്രായം രേഖപ്പെടുത്തി. കാനാടിക്കാവ് മഠാധിപതി വിഷ്ണു ഭാരതീയ സ്വാമികൾ മുഖ്യ അഥിതി ആയി പങ്കെടുത്തു. അദ്ധേഹത്തെ ഷീബ ഗോപി പൊന്നാട ചാർത്തി ആദരിച്ചു. അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും വിഷ്ണു ഭാരതീയ സ്വാമികൾ മൊമെന്റോ നൽകി ആദരിച്ചു.
പ്രകാശ് ചൂലൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംവിധായകർ ശോഭയും വിനീതും ആമുഖഭാഷണം നടത്തി. ബിജോയ് എരണേഴത്ത് ചടങ്ങ് നിയന്ത്രിച്ചു. സാനു നന്ദി രേഖപ്പെടുത്തി. ബാപ്പു വലപ്പാട്, അഡ്വക്കേറ്റ് പ്രേം പ്രസാദ്, ഐഡിരഞ്ജിത്ത്, സുജാത ജനനേത്രി, സ്നേഹ ലിജി, ബിന്ദു, കാർത്തികേയൻ വലപ്പാട് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.