ഇന്ത്യയുടെ 78 – ആം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ച് കുവൈറ്റിലെ ഇന്ത്യൻ സമൂഹം
ഇന്ത്യൻ എംബസ്സിയിൽ സ്ഥാനപതി ഡോ.ആദർശ് സ്വൈക പതാക ഉയർത്തി
കുവൈറ്റ് : പ്രാദേശിക സമയം രാവിലെ 8 മണിക്ക് ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക എംബസ്സി അങ്കണത്തിൽ സ്വതന്ത്രസമരസേനാനികളുടെ ഓർമ്മക്കായ് സ്ഥാപിച്ച ശിലാഫലകത്തിലും രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയിലും പുഷ്‌പാർച്ചന നടത്തി ദേശിയ പതാക ഉയർത്തി. തുടർന്ന് അദ്ധേഹം രാഷ്ടപതിയുടെ സ്വതന്ത്രദിന സന്ദേശം വായിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു.
മികച്ച പൗരബോധത്തോടെ കുവൈറ്റിലെ നിയമങ്ങൾ പാലിച്ച് മുന്നോട്ടു പോകുന്ന നല്ല സമൂഹമായിരിക്കണം നമ്മളെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമിപ്പിച്ചു. മികച്ച പ്രവർത്തനം നടത്തുന്ന ഇന്ത്യൻ സാമൂഹ്യ സാംസ്‌കാരിക സംഘടനകളെ ഡോ.ആദർശ് സ്വൈക അഭിനന്ദിച്ചു. എംബസ്സി അങ്കണത്തിൽ എത്തിയ പൗരസമൂഹത്തിന് ഇടയിലേക്കെത്തി അദ്ദേഹം സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. ഇന്ത്യയുടെ 78 – ആം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ആയിരകണക്കിന് പേരാണ് എംബസി അങ്കണത്തിൽ ഒഴുകിയെത്തിയത്.