EntertainmentFEATUREDKERALAM

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം; കാതൽ മികച്ച ചിത്രം, സംവിധായകൻ ബ്ലെസി, നടൻ പൃഥ്വിരാജ്, നടിമാരായി ഉർശിയും ബീന ആർ ചന്ദ്രനും

തിരുവനന്തപുരം: 2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ-ദി കോർ’ ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം ‘ആടുജീവിത’ത്തിലെ അഭിനയത്തിന് പൃഥിരാജ് സുകമാരന് ലഭിച്ചു. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഉർവശിയും, തടവ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബീനാ ആർ. ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു.

‘ആടുജീവിതം’ സംവിധാനം ചെയ്ത ബ്ലെസ്സിയാണ് മികച്ച സംവിധായകൻ. രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്ത ‘ഇരട്ട’ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.

‘പൂക്കാലം'”എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവനടനുള്ള അവാർഡ് വിജയരാഘവൻ നേടി. ‘പൊമ്പിളൈ ഒരുമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീഷ്മ ചന്ദ്രന് മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ അഭിനയത്തിന് അവ്യൂക്ത് മോനോന് മികച്ച ആൺ ബാലതാരത്തിനുള്ള പുരസ്‌കാരവും, ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് തെന്നൽ അഭിലാഷിന് മികച്ച പെൺ ബാലതാരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

‘കാതൽ ദി കോറി’ലൂടെ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ആദർശ് സുകുമാരന് ലഭിച്ചു. ആടുജീവിതത്തിന്റെ ക്യാമറ ചലിപ്പിച്ച സുനി കെ എസ് ആണ് മികച്ച ഛായാഗ്രാഹകൻ. ‘ഇരട്ട’യിലൂടെ രോഹിത് എം ജി കൃഷ്ണൻ മികച്ച തിരക്കഥാകൃത്തായി. മികച്ച തിരക്കഥ (അഡാപ്‌റ്റേഷൻ) പുരസ്‌കാരം ബ്ലെസിക്കാണ് (ആടുജീവിതം).

ചാവേർ എന്ന ചിത്രത്തിൽ ‘ചെന്താമരപൂവിൻ’ എന്ന ഗാനമെഴുതിയ ഹരീഷ് മോഹനൻ ആണ് മികച്ച ഗാനരചയിതാവ്. ചാവേർ എന്ന ചിത്രത്തിൽ ചെന്താമരപൂവിൻ എന്ന ഗാനത്തിന്റെ ഈണത്തിലൂടെ ജസ്റ്റിൻ വർഗീസ് മികച്ച സംഗീതസംവിധായകനായി. കാതൽ ദി കോറിലൂടെ മാത്യൂസ് പുളിക്കന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

വിദ്യാധരൻ മാസ്റ്ററാണ് മികച്ച പിന്നണി ഗായകൻ (ചിത്രം: ജനനം 1947 പ്രണയം തുടരുന്നു, ഗാനം: പതിരാണെന്നോർത്തൊരു കനവിൽ). മികച്ച പിന്നണി ഗായിക ആൻ ആമിയാണ്. (ചിത്രം: പാച്ചുവും അത്ഭുതവിളക്കും, ഗാനം: തിങ്കൾപ്പൂവിൻ ഇതളവൾ).