മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; തൃശൂര്‍ കളക്ടറേറ്റില്‍ ലഭിച്ചത് ഒരു കോടി രൂപ
തൃശ്ശൂർ: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തൃശൂര്‍ കളക്ടറേറ്റ് മുഖേന ലഭ്യമായത് ഒരു കോടിയിലധികം രൂപ. സമൂഹത്തിൻ്റെ വിവിധ കോണുകളില്‍ നിന്ന് നിരവധി പേരാണ് സഹായങ്ങളുമായി എത്തിക്കൊണ്ടിരിക്കുന്നത്. കളക്ടറേറ്റില്‍ നേരിട്ടെത്തിയും അല്ലാതെയും ഇതുവരെ 10045073 രൂപയാണ് ലഭിച്ചത്. ഓരോ നാണയവും ചേര്‍ത്തുവെച്ച് കൊച്ചുകൊച്ചു ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കാത്തിരുന്ന കുഞ്ഞുങ്ങള്‍ മുതല്‍ വ്യത്യസ്ത മേഖലകളില്‍ നിന്നും സംഭാവനകള്‍ എത്തിച്ചതില്‍ ഉള്‍പ്പെടും. വ്യക്തികള്‍, വിദ്യാര്‍ഥികള്‍, സംഘടനകള്‍, കലാ-സാംസ്‌കാരിക കൂട്ടായ്മകള്‍, ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബുകള്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഉത്സവ കൂട്ടായ്മ, വാട്‌സ് ആപ് കൂട്ടായ്മ, ക്ഷേത്രം, പൂരാഘോഷ കമ്മിറ്റികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, തൊഴിലാളി യൂണിയനുകള്‍, ഭിന്നശേഷി സംഘടനകള്‍, തട്ടുകട തൊഴിലാളികള്‍, ക്ഷേമസംഘടനകള്‍, പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മകള്‍, സ്വയം സഹായ സംഘങ്ങള്‍, സര്‍ക്കാര്‍- സ്വകാര്യ ജീവനക്കാരുടെ കൂട്ടായ്മ, അക്ഷരകൂട്ടായ്മ, വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മ എന്നിങ്ങനെ ഒട്ടേറെ പേരാണ് ദുരിതബാധിതരുടെ പുനരധിവാസത്തിനായി കൈകോര്‍ത്തത്.