ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളം സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം; മന്ത്രി ഡോ. ആര്. ബിന്ദു
മന്ത്രി മൂന്നാമത്തെ സ്നേഹക്കൂടിന്റെ താക്കോല്‍ കൈമാറി
ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. ‘സ്നേഹക്കൂട്’ ഭവനനിര്‍മ്മാണ പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ താക്കോല്‍ കൈമാറ്റം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതികമായ കാരണങ്ങളാല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാതെപോയ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുക എന്നത് സര്‍ക്കാരിന്റെ ഭാഗമായ മറ്റ് വകുപ്പുകളുടെയും സുമനസുകളുടെയും സന്നദ്ധ സംഘടനകളുടെയും ഉത്തരവാദിത്തമാണ് ഇതിന്റെ ഭാഗമായാണ് എല്ലാര്ക്കും വീടെന്ന ആശയത്തിന്റെ ഭാഗമാകാന്‍ എന്‍.എസ്.എസ് തീരുമാനിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സാമൂഹിക പ്രതിബദ്ധയും സേവന സന്നദ്ധതയും നല്ല രീതിയില്‍ വളര്‍ത്തിയെടുത്ത് സമൂഹത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ സംഭാവനകള്‍ നല്കിയ എന്‍എസ്എസിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.പദ്ധതിക്ക് കീഴില്‍ ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വീസ് സ്കീം തൃശ്ശൂര്‍ ജില്ലയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ സഹകരണത്തോടെ നിര്‍മ്മിച്ചുനല്‍കുന്ന ‘സ്നേഹക്കൂടാ’ണിതെന്നും മന്ത്രി ഡോ. ബിന്ദു കൂട്ടിച്ചേര്‍ത്തു.
കാട്ടുങ്ങച്ചിറ കോക്കാനിക്കാട് പരിസരത്താണ് താക്കോല്‍ കൈമാറ്റം നടന്നത്. ജില്ലയിലെ 116 യൂണിറ്റുകളെ ഏകോപിപ്പിച്ച് നടത്തിയ സ്ക്രാപ്പ് ചാലഞ്ച്, ബിരിയാണി ചാലഞ്ച്, വിവിധ ഉത്പന്ന നിര്‍മാണ വിതരണ ചാലഞ്ചുകള്‍ വഴിയും നിരവധി സുമനസ്സുകളുടെ സഹായ-സഹകരങ്ങളിലൂടെ സമാഹരിച്ച വിഭവങ്ങളിലൂടെയാണ് ഭവനരഹിതര്‍ക്കായുള്ള ഭവന പദ്ധതി യഥാര്ത്യമാക്കിയത്.സാങ്കേതിക സര്‍വ്വകലാശാല എന്‍എസ്എസ് വിഭാഗത്തിന്റെ മുന്‍കൈയില്‍ ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയില്‍ നിര്‍മ്മിച്ച ഒന്നാമത്തെ സ്നേഹക്കൂടിന്റെയും, ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വീസ് സ്കീം തൃശ്ശൂര്‍ ജില്ലയുടെ നേതൃത്വത്തില്‍ ആനന്ദപുരത്ത് ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച രണ്ടാമത്തെ സ്നേഹക്കൂടിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോലുകള്‍ ഇതിനകം തന്നെ കൈമാറിക്കഴിഞ്ഞു.ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്കീമിന്റെ യൂണിറ്റുകളുടെ മുന്‍കൈയില്‍, പൊതുജനങ്ങളുടെ സഹായങ്ങളും സംയോജിപ്പിച്ചാണ് ഇരിങ്ങാലക്കുട മണ്ഡലത്തില്‍ സ്നേഹക്കൂട് പദ്ധതി നടപ്പാക്കുന്നത്. സാങ്കേതിക കാരണങ്ങളാല്‍ മറ്റു ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഉള്‍പ്പെടാന്‍ കഴിയാതെ പോയവരെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിക്കാനാണീ പദ്ധതി.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷയായ ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ആന്സന് ഡൊമിനിക് സ്വാഗതവും, എന്‍എസ്എസ്പ്രോഗ്രാം ഓഫീസര്‍ ജൂബി കെ. ജോയ് നന്ദിയും പറഞ്ഞു. സംസ്ഥാന എന്‍എസ്എസ് ഓഫീസര്‍ ഡോ. ആര്.എന്‍ അന്‍സര്‍ വിശിഷ്ടാതിഥിയായ ചടങ്ങില്‍ എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍ എന്‍എസ്എസ് സന്ദേശവും ജില്ലാ കോഡിനേറ്റര്‍ എം.വി പ്രതീഷ് പദ്ധതി വിശദീകരണവും നടത്തി. ഡോ എന്‍. രാജേഷ്, ഫാ. ലാസര്‍ കുറ്റിക്കാടന്‍, ഫെനി എബിന്, കെ.ആര് വിജയ, എം.ആര് ഷാജു, ടി.എം ലത, ടി.വി ബിനു, എ.എ തോമസ്, ഒ.എസ് ശ്രീജിത്ത്, സൂര്യ തേജസ്, ഇ.ആര് രേഖ, ഇ.എസ് ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു.