ചേറ്റുവയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധ സമരം
ചേറ്റുവ : ചേറ്റുവ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികൾ ഫിഷറീസ് ഓഫീസിലേക്ക് മാർച്ച് നടത്തി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതിനാൽ കടുത്ത ദാരിദ്ര്യത്തിലും കടക്കെണിയിലുമായതിനാലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്ന മത്സ്യസമ്പത്ത് നശിപ്പിക്കുന്ന ട്രോളിങ് ബോട്ടുകാരുടെ പെലാജിക് വല ഉപയോഗിച്ചുകൊണ്ടുള്ള മത്സ്യബന്ധനരീതി അവസാനിപ്പിക്കണമെന്നാണ് മൽസ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
മുൻകാലങ്ങളിൽ ശാസ്ത്രീയമായ പഠന ത്തിന്റെ അടിസ്ഥാനത്തിൽ പെലാജിക് വല നിരോധിച്ചിട്ടുള്ളതും 2018-ലെ KMRF ആക്ടിൽ ആവർത്തിച്ച് പറയുകയും ചെയ്തിട്ടും കടലിൽ പെലാജിക് ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിർബാധം തുടരുകയാണെന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചു. നിയമത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ട്രോളിങ് ബോട്ടുകാരുടെ കടൽകൊള്ള അവസാനിപ്പിക്കണമെന്നാണ് ഫിഷറീസ് ഡിപ്പാർട്ടുമെന്റിനോടും സർക്കാറിനോടും പറയാനുള്ളതെന്ന് സമരം ഉദ്ഘാടനം ചെയ്ത സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ആന്റണി കുരിശ്ശിങ്കൽ പറഞ്ഞു.
യാനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് വർധിപ്പിക്കുകയും ക്ഷേമനിധി ഫീസ് വർധിപ്പിക്കുകയും ചെയ്ത നടപടി പുനഃപരിശോധിക്കണമെന്നും തീരമൽസ്യമേഖലയിലെ സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനായി അടിയന്തര നടപടികൾ ഉണ്ടാകണമെന്നും മുഖ്യപ്രഭാക്ഷണം നടത്തിയ പരമ്പരാഗത മത്സ്യത്തൊഴിലാളി സംസ്ഥാന പ്രസിഡണ്ട് പി വി ജനാർദ്ദനൻ പറഞ്ഞു. യോഗത്തിൽ സ്വതന്ത്ര പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണ സമിതി പ്രസിഡണ്ട് മുരളി വലപ്പാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി എ ഗോപപ്രതാപൻ സ്വാഗതം പറഞ്ഞു. മുജീബ് പുളിങ്കുന്നത്ത്, കെ എൻ രാജൻ എന്നിവർ സംസാരിച്ചു. യു എസ് സുനിൽ നന്ദി രേഖപ്പെടുത്തി.