വയനാടിന്റെ പുനർജനിക്കാവശ്യമായ കാർഷിക പദ്ധതികൾ നടപ്പിലാക്കും; കൃഷിമന്ത്രി പി പ്രസാദ്
പശ്ചിമഘട്ടത്തിൽ ഉല്പാദിപ്പിക്കുന്ന വിഷരഹിതമായ കാർഷിക ഉത്പന്നങ്ങൾക്കും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കുമുള്ള വിപണിമൂല്യം പ്രയോജനപ്പെടുത്തി വയനാടിന്റെ പുനർജനിക്ക് ആവശ്യമായ പദ്ധതികൾ തയ്യാറാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കാർഷിക സർവകലാശാല ഇതിനായി മുൻകൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി കേരള കാർഷിക സർവ്വകലാശാലയിൽ നിർമ്മാണം പൂർത്തിയാക്കിയ ഹോസ്റ്റൽ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാത്തരം കൃഷിരീതികളും പശ്ചിമഘട്ടത്തിൽ പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു. പശ്ചിമഘട്ടത്തിലെ കാർഷിക രീതികൾ ഏത് രീതിയിലാവണം എന്നുള്ളതിനെക്കുറിച്ചും, അവിടെ എന്തെല്ലാം കൃഷിരീതികൾ അവലംബിക്കാം എന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് വിദഗ്ദ്ധരുമായി കൂടിയാലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു. നബാർഡുമായി ചേർന്ന് വയനാട്ടിൽ അഗ്രി സെൻ്ററുകൾ, പ്രൊഡക്ഷൻ സെൻ്ററുകൾ, ഫെസിലേറ്റേഷൻ സെൻ്ററുകൾ എന്നിവ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. വയനാടൻ കാർഷിക ഉത്പ്പന്നങ്ങൾ പ്രത്യേക ബ്രാൻഡായി വിപണിയിൽ എത്തിക്കാനാവശ്യമായ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. റവന്യു വകുപ്പ് മന്ത്രി കെ.രാജൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കാർഷിക സർവ്വകലാശാല രജിസ്ട്രാർ ഡോ.എ.സക്കീർ ഹുസൈൻ, ഭരണസമിതി അംഗങ്ങളായ ഡോ.എ.ഗോപാലകൃഷ്ണൻ, ശ്രീലത സുകുമാരൻ, ഫിസിക്കൽ പ്ലാൻ്റ് ഡയറക്ടർ ഡോ.അനിൽ കെ.ആർ , സ്റ്റുഡൻസ് വെൽഫെയർ ഡയറക്ടർ ഡോ. ഇ.ജി.രഞ്ചിത്ത് കുമാർ, ഡയറക്ടർ ഓഫ് ജ്യുക്കേഷൻ ഡോ.എസ്.ഗോപകുമാർ, അമ്പലവയൽ കാർഷിക കോളേജ് ഡീൻ ഡോ.യാമിനി വർമ്മ, നൂറുദിന പരിപാടി കോഓർഡിനേറ്റർ ഡോ. ബെറിൻ പത്രോസ് എന്നിവർ പങ്കെടുത്തു.