KERALAMTHRISSUR

ദേശീയ നേത്ര ദാന പക്ഷാചരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു

ഒല്ലൂക്കര: ദേശീയ നേത്ര ദാന പക്ഷാചരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ശ്രീദേവി ടി പി പൊങ്ങണംകാട് എലിംസ് കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസിൽ വെച്ച് നിർവ്വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സജീവ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെ.ഡി.എം.ഒ ഡോ. ഷീജ എൻ.എ വിഷയാവതരണം നടത്തി. ജില്ലാ ഒഫ്താൽമിക് കോർഡിനേറ്റർ ബിന്ദു വി.സിദ്ധിഖ് ദിനാചരണ സന്ദേശം നൽകി. ഇരിഞ്ഞാലക്കുട നേത്ര ഐ കെയർ കോർണിയ വിഭാഗം മേധാവി ഡോ. ഡേവിഡ് പുതുക്കാടൻ നേത്രദാനത്തെക്കുറിച്ചും കണ്ണ് മാറ്റി വെക്കൽ ശസ്ത്രക്രിയയെക്കുറിച്ചും ബോധവത്ക്കരണം നടത്തി. മുൻകാലങ്ങളെ അപേക്ഷിച്ച് നേത്രദാനം നടത്തുമ്പോൾ കണ്ണ് മുഴുവനായി നീക്കം ചെയ്യാതെ നേത്രപടലം മാത്രമാണ് ഇപ്പോൾ നീക്കം ചെയ്യുന്നതെന്നും ഒരു നേത്രപടലം അത്യാവശ്യ സാഹചര്യങ്ങളിൽ മൂന്ന് പേർക്ക് വരെ കാഴ്ച നൽകാൻ ഉപയോഗിക്കാമെന്നും ഡോക്ടർ വിശദീകരിക്കുകയുണ്ടായി. ചടങ്ങിൽ ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ.ജയന്തി ടി.കെ, മൊബൈൽ ഒഫ്താൽമിക് സർജൻ ഡോ അശ്വതി, ജില്ല നഴ്സിംഗ് ഓഫീസർ ഷീജ എം.എസ്, ജില്ലാ എജുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ സന്തോഷ് കുമാർ, സീനിയർ ഒപ്റ്റോമെട്രിസ്റ്റ് ജെയിൻ ഷൈനി, എലിംസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. കെ.എ. ഡേവീസ് തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് തൃശൂർ ജനറൽ ആശുപത്രിയിലെ ഒപ്റ്റോമെട്രി വിദ്യാർത്ഥികളുടേയും എലിംസ് കോളേജ് വിദ്യാർത്ഥികളുടേയും ബോധവത്ക്കര കലാപരിപാടികളും ഉണ്ടായിരുന്നു.