റീഡിങ് ഗ്ലാസില്ലാതെയും വായിക്കാം; ഐ ഡ്രോപ്പ്സിന് അനുമതി
റീഡിങ് ഗ്ലാസില്ലാതെയും വായിക്കാന്‍ സഹായിക്കുന്ന, രാജ്യത്തെ ആദ്യത്തെ കണ്ണില്‍ ഒഴിക്കുന്ന മരുന്നിന് (ഐ ഡ്രോപ്പ്സ്) ഡ്രഗ്സ് കണ്ട്രോളറിന്റെ അനുമതി. ഒക്ടോബറിൽ വിപണിയിലെത്തും. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്റോഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് പൈലോകാര്‍പൈന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ‘പ്രെസ്വു’ എന്ന ഐ ഡ്രോപ്പ്സിനാണ് അനുമതി നല്‍കിയത്. വസ്തുക്കളെ അടുത്ത് കാണാന്‍ സഹായിക്കുന്ന കൃഷ്ണമണിയുടെ വലിപ്പം കുറച്ച് ‘പ്രെസ്ബയോപിയ’ എന്ന രോഗത്തെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണിത്.പ്രായാധിക്യത്താൽ കണ്ടുവരുന്ന ഈ അസുഖം സാധാരണയായി 40 കളുടെ മധ്യത്തിലാണ് കണ്ടുവരുന്നത്. 60 കളുടെ അവസാനമാകുമ്പോള്‍ കൂടുതല്‍ വഷളാവുന്നതായാണ് കണ്ടുവരുന്നത്. മരുന്നിന്റെ ഒരു തുള്ളി 15 മിനിറ്റിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ഇതിന്റെ ഫലം അടുത്ത ആറ് മണിക്കൂര്‍ വരെ തുടരും. ആദ്യത്തെ തുള്ളി ഒഴിച്ച് മൂന്ന് മുതല്‍ ആറ് മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ തുള്ളിയും ഒഴിച്ചാല്‍, ഇതിന്റെ ഗുണം കൂടുതല്‍ നേരത്തേയ്ക്ക് നീണ്ടുനില്‍ക്കും. ഒക്ടോബര്‍ ആദ്യവാരം മുതല്‍ ഫാര്‍മസികളില്‍ മരുന്ന് ലഭ്യമാകും. 350 രൂപയാണ് വില. 40 മുതല്‍ 55 വയസ്സുവരെയുള്ള ആളുകള്‍ക്ക് മിതമായതും ഇടത്തരവുമായ പ്രെസ്ബയോപിയയുടെ ചികിത്സ ലക്ഷ്യമിട്ടാണ് മരുന്ന് വിപണിയില്‍ എത്തിക്കുന്നത്. രാജ്യത്ത് 250ലധികം രോഗികളിലാണ് മരുന്ന് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന് വിധേയമായ രോഗികളില്‍ 82 ശതമാനം പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും എന്റോഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി അവകാശപ്പെട്ടു.