KERALAMTHRISSUR

ദേശീയപാത 544 അടിപ്പാത നിർമ്മാണം; അവലോകനയോഗം ചേർന്നു

തൃശൂർ: തൃശൂർ ജില്ലയിലെ ദേശീയപാത 544ലെ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. കെ. കെ രാമചന്ദ്രൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പ്രധാനമായും ആമ്പല്ലൂർ, പേരമ്പ്ര, മുരിങ്ങൂർ, ചിറങ്ങര അടിപ്പാത, കൊരട്ടി ഫ്ലൈ ഓവർ നിർമ്മാണം സംബന്ധിച്ച പ്രവർത്തനങ്ങളാണ് വിലയിരുത്തിയത്. പേരമ്പ്രയിലെ പ്രവൃത്തി സെപ്റ്റംബർ 17, ചിറങ്ങര 21, ആമ്പല്ലൂർ 26, മുരിങ്ങൂർ ഒക്ടോബർ 2, കൊരട്ടി ഒക്ടോബർ 10 എന്നീ തീയതികളിലായി ആരംഭിക്കും. 10 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവർത്തി ആരംഭിക്കുന്നതിനു മുന്നോടിയായി സർവീസ് റോഡുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകി. നിർമ്മാണ പ്രവർത്തി ആരംഭിച്ചാൽ സർവീസ് റോഡുകൾ വഴി വൺ വേ ഗതാഗതം മാത്രമേ അനുവദിക്കൂ. ആവശ്യമെങ്കിൽ പോലീസുമായി കൂടിയാലോചിച്ച് യു ടേൺ അനുവദിക്കും. എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയാണ് നിർമ്മാണ പ്രവർത്തികൾക്ക് തുടക്കം കുറിക്കുക. ആവശ്യമായ സൈൻ ബോർഡുകൾ, സുരക്ഷ മുന്നറിയിപ്പ് സൂചനകൾ എന്നിവ ദേശീയപാത അതോറിറ്റി സ്ഥാപിക്കും. നിർമ്മാണം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി പ്രതിനിധികളുമായി കെ. കെ രാമചന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേരാനും തീരുമാനമായി. കലക്ടറേറ്റിലെ വീഡിയോ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ എം എസ് സുനിത, പി സി ബിജു, രാജേശ്വരി, എ ഡി എം ടി മുരളി, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.