ഐ സി എഫ് കുവൈറ്റ് മെഗാ മീലാദ് സമ്മേളനം സെപ്തംബര്‍ 20-ന് മന്‍സൂരിയയില്‍
കുവൈറ്റ് : “തിരുനബി(സ) ജീവിതം, ദര്‍ശനം” എന്ന പ്രമേയത്തില്‍ ഐ സി എഫ് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി കുവൈറ്റ് നാഷണല്‍ കമ്മിറ്റി മീലാദ് മഹാ സമ്മേളനം സംഘടിപ്പിക്കുന്നു. 2024 സെപ്തംബര്‍ 20 വെള്ളിയാഴ്ച മന്‍സൂരിയയില്‍ വൈകുന്നേരം 3.30 മുതല്‍ 10 മണി വരെ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയും സമസ്ത കേരളാ ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ സുല്‍ത്താനുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനല്‍ സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
വൈകുന്നേരം 3:30ന് നബി കീര്‍ത്തനങ്ങളോടെ പരിപാടികള്‍ ആരംഭിക്കും. മലയാളത്തിനു പുറമേ ഉര്‍ദു, അറബി ഭാഷകളില്‍ ഖവാലിയും മദ്ഹ് ഗാനങ്ങളും മൗലിദുകളും അവതരിപ്പിക്കും. പ്രമുഖ കുവൈറ്റി പണ്ഡിതന്മാര് ഉള്‍പ്പെടെ നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് സന്ദേശ പ്രഭാഷണവും ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണവും നടത്തും. ശൈഖ് അബ്ദുല്‍ റസാഖ് അല്‍ കമാലി, ഡോക്ടര്‍ അഹ്മദ് അല്‍ നിസ്ഫ് , ഡോക്ടര്‍ അബ്ദുല്ല നജീബ് സാലിം, സയ്യിദ് അനസ് അല്‍ ജീലാനി, സയ്യിദ് ഔസ് ഈസ അല്‍ ഷഹീന്, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് സെയ്ദലവി തങ്ങള്‍ സഖാഫി, അലവി സഖാഫി തെഞ്ചേരി എന്നിവര്‍ സംസാരിക്കും.
പ്രവാസ ലോകത്ത് ഇസ്ലാമിക വൈജ്ഞാനിക ജീവ കാരുണ്യ സംരംഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയാണ് ‘ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യ’ (ഐസിഎഫ്) ചെയ്യുന്നത്. കേരളത്തില്‍ സുന്നി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ‘കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസഘടകമാണ് ഐ സി എഫ്. ‘ഐ സി എഫ് പ്രവാസത്തിന്റെ അഭയം’ എന്നതാണ് സംഘടന മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം. വിദ്യാഭ്യാസം, ആത്മീയം, ജീവകാരുണ്യം, സേവനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധയൂന്നിയാണ് ഐ സി എഫ് പ്രവര്‍ത്തിക്കുന്നത്. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തനം നടത്തുന്ന അഞ്ചു മദ്റസകളില്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള മതവിദ്യാഭ്യാസം മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി നല്കിപ്പോരുന്നു. ഹാദിയ വിമന്‍സ് അക്കാദമിക്ക് കീഴില്‍ സ്കില്‍ ഡെവലപ്മെന്റ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളില്‍ വനിതകള്‍ക്ക് പരിശീലനം നല്കി വരുന്നു. ഐ സി എഫ് സേവന വിഭാഗമായ സഫ്വാ വളണ്ടിയര്‍ വിംഗ് സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരുന്നതായും സംഘാടകർ അറിയിച്ചു.
സയ്യിദ് അലവി തങ്ങൾ സഖാഫി, അലവി സഖാഫി തെഞ്ചേരി, അഹ്മദ് കെ. മാണിയൂർ, അബ്ദുൽ അസീസ് സഖാഫി, അബു മുഹമ്മദ്, അബ്ദുല്ല വടകര എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.