അംബേദ്കർ സ്മാരക ശ്രീലക്ഷ്മി കൃഷിക്കൂട്ടം കരനെൽ കൃഷി വിളവെടുപ്പ് നടന്നു
നാട്ടിക: അംബേദ്കർ സ്മാരക ശ്രീലക്ഷ്മി കൃഷിക്കൂട്ടം നടത്തിയ നാല് ഏക്കർ കരനെൽ കൃഷിയുടെ വിളവെടുപ്പ് നടന്നു. നാട്ടിക ഗ്രാമപഞ്ചായത്തും തളിക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പ്രോത്സാഹനം നൽകിയ ഈ കൃഷിയിടത്തിലെ വിളവെടുപ്പ് ചടങ്ങ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ മണികണ്ഠൻ സി.എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സൺ ഐഷാബി ജബ്ബാർ സ്വാഗതവും കൃഷിക്കൂട്ടം സെക്രട്ടറി ഭായി ആന്റണി നന്ദിയും രേഖപ്പെടുത്തി. കൃഷി ഓഫീസർ ശുഭ എൻ.വി. പദ്ധതി വിശദീകരണം നൽകി.
മണ്ണുത്തിയിലെ സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിൽ നിന്നെത്തിച്ച ജ്യോതി എന്ന ഇനം നെൽ വിത്ത് കൃഷിക്ക് ഉപയോഗിച്ചതായി അവർ പറഞ്ഞു. കൃഷിയിൽ നല്ല വിളവ് ലഭിച്ചുവെങ്കിലും, മയിലുകൾ കൂട്ടമായി കൃഷിയിടത്തിൽ ഇറങ്ങി നെൽവിത്തും പൂക്കളും പച്ചക്കറികളും നശിപ്പിക്കുന്നത് കർഷകർക്ക് ആശങ്കയുണ്ടാക്കുന്നു. വാർഡ് മെമ്പർമാരായ നിഖിത പി. രാധാകൃഷ്ണൻ, ഗ്രീഷ്മ സുഖിലേഷ്, ആന്റണി മടത്തി പറമ്പിൽ, കൊടപ്പുള്ളി സുരേന്ദ്രൻ എന്നിവർ വിളവെടുപ്പിൽ പങ്കെടുത്തു. ആന്റണി ഭായിയുടെ ഗാനാലാപനത്തോടുകൂടി വിളവെടുപ്പ് ഉത്സവം സമാപിച്ചു.