പെരുമ്പിലാവ് – നിലമ്പൂര്‍ റോഡ് നവീകരണ കരാറുകാരനെ ഒഴിവാക്കി
പെരുമ്പിലാവ് – നിലമ്പൂര്‍ റോഡിന്റെ നവീകരണപ്രവൃത്തി ഏറ്റെടുത്ത കരാറുകാരന് പ്രവൃത്തിയിൽ ഗുരുതരമായ വീഴ്ച്ച വരുത്തിയ സാഹചര്യത്തിൽ കരാറുകാരനെ ഒഴിവാക്കി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തിലാണ് പ്രവൃത്തിയിൽ നിന്നും നീക്കം ചെയ്തത്. നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രവൃത്തിയിൽ നിശ്ചയിച്ച പുരോഗതി കൈവരിക്കാത്ത സാഹചര്യത്തിലാണ് നടപടി. 150 കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. എന്നാൽ 50 ശതമാനം പ്രവൃത്തി മാത്രമാണ് കരാറുകാരന് പൂര്‍ത്തിയാക്കിയത്. മഴയ്ക്ക് മുമ്പ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന നിര്‍ദ്ദേശവും പാലിച്ചില്ല. ഇതേ തുടര്‍ന്നാണ് വകുപ്പ് കര്‍ശന നടപടികളിലേക്ക് നീങ്ങിയത്. പുതിയ കരാറുകാരെ കണ്ടെത്തുന്നതുവരെ റോഡിലെ അടിയന്തിര അറ്റകുറ്റപണി നടത്താനും അതിനാവശ്യമായ ഫണ്ട് അനുവദിക്കാനും മന്ത്രി നിര്‍ദ്ദേശം നൽകി.