KERALAMNational

ന്യൂസീലന്‍ഡിലേക്ക് അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ്; ജാഗ്രത വേണമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂസീലന്‍ഡിലേക്ക് അനധികൃത നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം. കേരളത്തില്‍ നിന്നുളള നഴ്‌സിങ് പ്രഫഷനലുകള്‍ വിസിറ്റിങ് വിസയില്‍ അനധികൃതമായി ന്യൂസീലന്‍ഡിലെത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ജാഗ്രതാ നിർദേശം. വിസിറ്റിങ് വിസയ്ക്കായി ഉദ്യോഗാർഥികളില്‍നിന്ന് ഏജന്റുമാർവലിയ തുക വാങ്ങുന്നുണ്ട്. കമ്പെറ്റന്‍സി അസെസ്‌മെന്റ് പ്രോഗ്രാം (CAP) പൂര്‍ത്തിയാക്കിയിട്ടും, നഴ്‌സിങ് കൗണ്‍സില്‍ റജിസ്റ്റര്‍ ചെയ്തശേഷവും, അവിടെ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികള്‍ ന്യൂസിലൻഡ് വെല്ലിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇത്തരം തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മിഷണര്‍മാര്‍ക്ക് കത്ത് നല്‍കിയത്. വിദേശ തൊഴില്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് [email protected], [email protected] എന്നീ ഇ-മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലും അറിയിക്കാവുന്നതാണ്. CAP-ൽ പങ്കെടുക്കാൻ വിസിറ്റിങ് വിസയ്ക്ക് ഏജന്റുമാർക്ക് വലിയ തുകകൾ ഉദ്യോഗാർത്ഥികൾ നൽകുന്നുണ്ട്. റിക്രൂട്ട്മെന്റ് ഏജൻസിയുടെ ആധികാരികത ഉറപ്പാക്കാൻ ഇ-മൈഗ്രേറ്റ് (https://emigrate.gov.in) പോർട്ടൽ സന്ദർശിക്കുക.