ഗോത്രജനതയ്ക്ക് ലാന്റ് ബാങ്കിൽ വീട് നിര്‍മ്മിക്കുന്നതിന് ഭൂമി ലഭ്യമാക്കും ;മന്ത്രി ഒ ആര്‍ കേളു
തൃശൂര്‍: ഭൂരഹിത ഭവനരഹിതരായ ഗോത്ര വിഭാഗക്കാര്‍ക്ക് ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി വീട് നിര്‍മ്മിക്കാന്‍ ആവശ്യമായ ഭൂമി ലാന്റ് ബാങ്കിൽ ലഭ്യമാക്കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ്മന്ത്രി ഒ.ആര്‍. കേളു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുതല പദ്ധതികളുടെ ജില്ലാതല അവലോകനയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണം. എല്ലാ എസ്.സി, എസ്.ടി ഉന്നതികളിലേക്കും വാഹനമെത്തുന്നതിനുള്ള സൗകര്യമൊരുക്കണം. ജില്ലയിലെ ഏതെല്ലാം സങ്കേതങ്ങളിലാണ് ഗതാഗത യോഗ്യമല്ലാത്ത റോഡുകളുള്ളതെന്നും കുടിവെള്ളം, വൈദ്യുതി സൗകര്യങ്ങളില്ലാത്തതെന്നും കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യപഠനമുറികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. എല്ലാ ഓഫീസുകളും ഇ-ഓഫീസുകളിലേക്ക് മാറുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.
വയനാട്ടില്‍ നടപ്പിലാക്കിയ എ.ബി.സി.ഡി പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കും. ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ പദ്ധതിയിലൂടെ (എ.ബി.സി.ഡി) എല്ലാ കുടുംബങ്ങള്‍ക്കും ആധികാരിക രേഖ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ സ്‌കൂളുകളില്‍ നിന്നും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതിയും ജില്ലയില്‍ നടപ്പാക്കുന്ന വിവിധ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുരോഗതിയും അംബേദ്ക്കര്‍ ഗ്രാമം പദ്ധതി, കോര്‍പ്പസ് ഫണ്ട് വിനിയോഗം എന്നിവയും മന്ത്രി ഒ.ആര്‍ കേളു വിലയിരുത്തി. തൃശൂര്‍ ജില്ലയില്‍ പിന്നാക്ക വികസന വകുപ്പിന്റെ ഒരു സെല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. അവലോകന യോഗം എല്ലാമാസവും തുടരുമെന്നും സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ പരിപാടിയും മികച്ച രീതിയില്‍ നടത്തണമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.
കലക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലയിലെ എം.എല്‍.എമാരായ എ.സി മൊയ്തീന്‍, സി.സി മുകുന്ദന്‍, എന്‍.കെ അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സിറ്റി പൊലീസ് കമ്മീഷണർ ആര്‍. ഇളങ്കോ, റൂറല്‍ ജില്ലാ പൊലീസ് മേധാവി നവനീത് ശര്‍മ്മ, ജില്ലാതല ഉദ്യോഗസ്ഥര്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍മാര്‍, ഐടിഡിപി പ്രോജക്ട് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.