KERALAMTHRISSUR

വനിത കമ്മീഷൻ ശുപാർശകളിൽ സർക്കാറിന് അനുകൂല നിലപാട്; അഡ്വ ഇന്ദിരാ രവീന്ദ്രൻ

എറിയാട് : കേരള വനിത കമ്മീഷൻ നൽകുന്ന റിപ്പോർട്ടുകളിൽ സർക്കാർ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ലഭിക്കുന്നതായി വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ പറഞ്ഞു. വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ എറിയാട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന തീരദേശ ക്യാമ്പിൻ്റെ ഭാഗമായ ഏകോപനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. ഇന്ദിരാ രവീന്ദ്രൻ. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടു മനസിലാക്കാനായിട്ടാണ് കഴിഞ്ഞവർഷം മുതൽ വനിതാ കമ്മീഷൻ ക്യാമ്പുകളും പബ്ലിക് ഹിയറിംഗുകളും സംഘടിപ്പിച്ചു തുടങ്ങിയത്. ഇവയുടെ ഒടുവിൽ വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുകയും ചെയ്തു. ആ റിപ്പോർട്ടിലെ ശുപാർശകളിൽ ഭൂരിപക്ഷവും തുടർ നടപടികളിലേക്ക് കടന്നു കഴിഞ്ഞു. അവയൊക്കെ നടപ്പാക്കപ്പെടുമെന്ന പ്രതീക്ഷയാണ് കമ്മീഷനുള്ളത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ വർഷവും ക്യാമ്പുകളും പബ്ലിക് ഹീയറിംഗുകളും കൂടുതൽ മേഖലകളിൽ കൂടി നടപ്പാക്കാൻ കമ്മീഷൻ തീരുമാനിച്ചത്. ഇത്തരം ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്ത്രീധന നിരോധന നിയമത്തിൽ ഒരു ഭേദഗതി വനിത കമ്മീഷൻ നൽകിയിട്ടുണ്ട്. വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാർക്കും ഡൗറി പ്രിവൻഷൻ ഓഫീസർമാർക്കും കൂടുതൽ അധികാരങ്ങൾ നൽകുന്നതാണ് ഈ ഭേദഗതി നിർദ്ദേശമെന്ന് വനിതാ കമ്മിഷനംഗം ചൂണ്ടിക്കാട്ടി. വനിതാ കമ്മീഷൻ അദാലത്തുകൾക്ക് പുറമേ ജാഗ്രത സമിതികളുടെ പ്രവർത്തനവും മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. പല പരാതികൾക്കും ജാഗ്രത സമിതിയിൽ തന്നെ പരിഹാരം കാണാൻ കഴിയുന്നുവെന്നത് ചാരിതാർത്ഥ്യം നൽകുന്നു. പോലീസ് സ്റ്റേഷനിൽ പരിഹാരം ലഭിക്കാത്ത കേസുകളിൽ ഇടപെടാനും നീതി ലഭ്യമാക്കാനും കമ്മീഷന് പലപ്പോഴും കഴിയുന്നുണ്ട്. ദീർഘകാലമായി കോടതികളിൽ കെട്ടിക്കിടക്കുന്ന ചില കേസുകളിൽ എങ്കിലും വനിതാ കമ്മീഷൻ ഇടപെടലിലൂടെ പരിഹാരമുണ്ടായിട്ടുള്ള കാര്യവും അഡ്വ. ഇന്ദിര രവീന്ദ്രൻ ഓർമിപ്പിച്ചു.

ഏറിയാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഏകോപന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജൻ അധ്യക്ഷനായിരുന്നു. വനിതാ കമ്മീഷൻ അംഗങ്ങളായ വി.ആർ. മഹിളാമണി, അഡ്വ. കുഞ്ഞായിഷ, കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, ലോ ഓഫീസർ കെ. ചന്ദ്രശോഭ, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. സുഗന്ധകുമാരി, അസി. ഡയറക്ടർ ഡോ. സി. സീമ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്ക് വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ എ ആർ. അർച്ചന നേതൃത്വം നൽകി. തീരദേശ മേഖലയിൽ സർക്കാർ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ ഏകോപന യോഗത്തിൽ പങ്കെടുത്തു. ദ്വിദിന ക്യാമ്പിന്റെ ആദ്യ ദിവസം രാവിലെ തീരദേശ മേഖലയിൽ വനിതാ കമ്മീഷൻ അംഗങ്ങൾ ഭവന സന്ദർശനം നടത്തി. കിടപ്പുരോഗികളും ഒറ്റപ്പെട്ട് കഴിയുന്നതും പ്രകൃതി ദുരന്തങ്ങളുടെ കെടുതി നേരിടേണ്ടി വന്നവരുമായ സ്ത്രീകളുടെ ഭവനങ്ങളാണ് സന്ദർശിച്ചത്. വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, വി.ആർ. മഹിളാമണി, അഡ്വ. കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജൻ, വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ ഐപിഎസ്, ലോ ഓഫീസർ കെ. ചന്ദ്രശോഭ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന, ഏറിയാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാറാബി ഉമ്മർ, അഴീക്കോട് മത്സ്യ ഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഇ.ബി. സുമിത, സാഗർ മിത്ര പി.എം. സഫ്ന എന്നിവരും അനുഗമിച്ചു.

ക്യാമ്പിന്റെ രണ്ടാം ദിവസത്തിൽ ഏറിയാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അവബോധ സെമിനാർ സംഘടിപ്പിക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സെമിനാർ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ അധ്യക്ഷയാകും. ഇ.ടി. റ്റൈസൺ മാസ്റ്റർ എം.എൽ.എ. മുഖ്യാഥിതിയാവും. വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമൻ മത്തായി, വി.ആർ. മഹിളാമണി, അഡ്വ. കുഞ്ഞായിഷ, ഏറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജൻ, വനിത കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, ലോ ഓഫീസർ കെ. ചന്ദ്രശോഭ, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. സുഗന്ധകുമാരി, അസി. ഡയറക്ടർ ഡോ. സി. സീമ, കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് എക്സിക്യൂട്ടീവ് എസ്. ജയശ്രീ, സാഫ് അസി. നോഡൽ ഓഫീസർ ദേവി ചന്ദ്രൻ, പഞ്ചായത്ത് അംഗം പ്രസീന റാഫി തുടങ്ങിയവർ സംസാരിക്കും.