തളിക്കുളം സ്‌നേഹതീരം ബീച്ച് പാര്‍ക്കില്‍ മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
തളിക്കുളം: തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും നെഹ്രു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ സ്‌നേഹതീരം ബീച്ച് പാര്‍ക്കില്‍ ഗാന്ധി ജയന്തി ദിനത്തില്‍ മാലിന്യ മുക്ത ക്യാമ്പയിന്‍ സംഘടിപ്പിച്ചു. നാട്ടിക നിയോജക മണ്ഡലം എംഎല്‍എ സി.സി മുകുന്ദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൃശൂര്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി 600 ല്‍പ്പരം എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളും, തളിക്കുളം ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങളും പങ്കെടുത്തു. ശുചിത്വവും മാലിന്യ സംസ്‌കരണവും മുന്‍നിര്‍ത്തിയുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം ഏറെ മുന്നേറിയിട്ടുണ്ടെന്നും, സമ്പൂര്‍ണ്ണ മാലിന്യ മുക്ത സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്നും എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ക്യാമ്പയിനുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഹരിതകര്‍മ്മസേനാംഗങ്ങള്‍, ക്യാമ്പസുകളിലെ എന്‍.എസ്.എസ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ എന്നിവരെ എംഎല്‍എ പ്രശംസിച്ചു.
തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം അഹമ്മദ്, നെഹ്രു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സി. ബിന്‍സി, എന്‍ എസ് എസ് ജില്ലാ ഓഫീസര്‍ രഞ്ജിത്ത് വര്‍ഗീസ്, ശ്രീ നാരായണ കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വി.കെ രമ്യ, പ്രോഗ്രാം അസിസ്റ്റന്റ് ഒ. നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.