THRISSUR

എം സി എഫ് കെട്ടിടം മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു

നടത്തറ: നടത്തറ ഗ്രാമപഞ്ചായത്തിലെ പോലൂക്കര എം.സി.എഫ് കെട്ടിടത്തിന്റെ പൂര്‍ത്തിയായ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. നടത്തറ ഗ്രാമപഞ്ചായത്ത് കേരള കേരള ശുചിത്വ മിഷന്‍ ജനകീയാസൂത്രണം 2024-25 പദ്ധതിയിലുള്‍പ്പെടുത്തി 15 ലക്ഷം രൂപ വകയിരുത്തിയാണ് എം.സി.എഫ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പഞ്ചായത്തിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ സൂക്ഷിച്ചുവെക്കാനും തരംതിരിക്കാനും ആധുനിക സൗകര്യങ്ങളോടുകൂടി പോലൂക്കര പൊതുകുളത്തിന് സമീപമുള്ള പുരമ്പോക്ക് ഭൂമിയിലാണ് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ കെട്ടിടം നിര്‍മ്മിച്ചത്.

നടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ രജിത്ത് സ്വാഗതം പറഞ്ഞ ഉദ്ഘാടന ചടങ്ങില്‍ നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി മുഖ്യാതിഥിയായി. എല്‍.എസ്.ജി.ഡി അസി. എഞ്ചിനീയര്‍ അനു പി. പ്രഭു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.എന്‍ സീതാലക്ഷ്മി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ അഭിലാഷ്, വാര്‍ഡ് മെമ്പര്‍മാരായ മിനി വിനോദ്, ജിനിത സുഭാഷ്, കെ.ജെ ജയന്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജീജ ജയന്‍, ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ് രേണുക, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.