ചായ്പ്പന്‍കുഴി ഗവ ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കലക്ടറുമായി സംവദിച്ചു
തൃശ്ശൂർ: ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനായി ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് നടത്തുന്ന ‘മുഖാമുഖം-മീറ്റ് യുവര്‍ കലളക്ടര്’ പരിപാടിയുടെ പത്താം അദ്ധ്യായത്തില്‍ ചായ്പ്പന്‍കുഴി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങള്‍ കലക്ടറുമായി സംസാരിച്ചു. സ്കൂള്‍ നവീകരണത്തെക്കുറിച്ചും കായിക അധ്യാപകന്റെ സേവനം ഒരുക്കിത്തരണമെന്നും സ്കൂളില്‍ എസ്.പി.സി യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ കലക്ടറോട് പറഞ്ഞു. എല്ലാ ചോദ്യങ്ങളും ക്ഷമയോടെ കേട്ടിരുന്ന കലക്ടര്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് പറഞ്ഞു. കലക്ടറോടൊപ്പം മുഖാമുഖത്തില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മയ്ക്കായി പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ത്ഥി കെ.എം ശ്രീഷ്ണ വരച്ച ചിത്രവും കലക്ടര്‍ക്ക് സമ്മാനിച്ചു. കളക്ടറെ സ്കൂളിലേക്ക് ക്ഷണിച്ചപ്പോള്‍ ഒരു ദിവസം സ്കൂളിലേക്ക് വരുന്നുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. കുട്ടികള്‍ പോലീസ് അക്കാദമി കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ അതിനുള്ള സജ്ജീകരണവും ഒരുക്കിക്കൊടുത്താണ് ജില്ലാ കലക്ടര്‍ സംവാദം അവസാനിപ്പിച്ചത്.
ചായ്പ്പന്‍കുഴി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ 8, 9, 10, ഹയര്‍സെക്കണ്ടറി ക്ലാസുകളിലെ 32 വിദ്യാര്‍ത്ഥികളും അധ്യാപകരായ ജോര്‍ജ്ജ് വര്‍ഗ്ഗീസ് ചാക്കോ, എ.എസ് സജി, ശ്രീജ ആന്റണി, എന്‍.എസ് അനിഷ, കൗണ്‍സിലര്‍ ഐശ്വര്യ, ലാബ് അസിസ്റ്റന്റ് ബീന ജോര്‍ജ്ജ് എന്നിവരുമാണ് മുഖാമുഖത്തില്‍ പങ്കെടുത്തത്.