തപാല്‍ ദിനത്തില്‍ കലക്ടര്‍ക്ക് കത്തെഴുതി രണ്ടാം ക്ലാസുകാരന്‍
ഇരിങ്ങാലക്കുട: തപാല്‍ ദിനത്തില്‍ റേഷന്‍ കാര്‍ഡിനായി ജില്ലാ കലക്ടര്‍ക്ക് കത്തെഴുതി രണ്ടാം ക്ലാസുകാരന്‍. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി മഹാത്മാ എല്‍ പി ആന്‍ഡ് യു പി സ്‌കുളിലെ രണ്ടാം ക്ലാസുകാരന്‍ കെ.എം അനയ് കൃഷ്ണയാണ് റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ കഴിയാതെയായപ്പോള്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് കത്തെഴുതിയത്. തപാല്‍ ദിനമായ ഒക്ടോ. 9 ന് ക്ലാസ് ടീച്ചറായ എന്‍.പി രജനി ടീച്ചറുടെ നിര്‍ദ്ദേശ പ്രകാരം അധികൃതര്‍ക്ക് കത്ത് അയക്കാന്‍ ഉപദേശിച്ചപ്പോള്‍ അനയ് കൃഷ്ണയാണ് ജില്ലാ കലക്ടര്‍ക്ക് തന്റെ ആവശ്യം അറിയിച്ചുകൊണ്ട് കത്തെഴുതിയത്. നവമാധ്യമങ്ങളുടെ കാലത്ത് ഇന്‍ലന്റ് കത്തില്‍ സ്വന്തം കൈപ്പടയില്‍ കടലാസുപെന്‍സലില്‍ എഴുതിയ അക്ഷരങ്ങളില്‍ കോറിയിട്ട കുഞ്ഞുമനസ്സിന്റെ നൊമ്പരം കലക്ടറുടെ മനസ്സിലുടക്കി. ബഹുമാനപ്പെട്ട കലക്ടര്‍ക്ക്, എനിക്ക് സ്‌കൂളില്‍ നിന്നും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ റേഷന്‍ കാര്‍ഡ് ഇല്ല ഞങ്ങള്‍ വാടകയ്ക്കാണ് താമസിക്കുന്നത് ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിച്ചുതരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു… എന്ന് അനയ് കൃഷ്ണ കെ.എം രണ്ടാം ക്ലാസ്. കത്ത് വായിച്ച ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉടന്‍ പരിഹാരം കാണുന്നതിനായി ജില്ലാസപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വാടകയ്ക്ക് താമസിക്കുന്നവരായിരുന്നു അനയ് കൃഷ്ണയുടെ കുടുംബം. റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാലായിരുന്നു റേഷന്‍ കാര്‍ഡ് നല്‍കാന്‍ കഴിയാതിരുന്നത്. വാടക കരാരിന്റെ ഡോക്യുമെന്റ് വെച്ച് റേഷന്‍ കാര്‍ഡ് നല്‍കാമെങ്കിലും അക്ഷയ സെന്ററില്‍നിന്നുള്ള സാങ്കേതിക പ്രശ്നംമൂലം കാര്‍ഡ് ലഭിച്ചിരുന്നില്ല. ജില്ലാ കലക്ടറുടെ ഇടപെടലിലൂടെ മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും വാടക കരാറിന്റെ കോപ്പിവെച്ച് പിറ്റേന്ന് തന്നെ റേഷന്‍ കാര്‍ഡ് അനയ് കൃഷ്ണയുടെ കുടുംബത്തിന് ലഭിച്ചു. കാര്‍ഡ് കിട്ടിയോ എന്ന് ചോദിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ നേരിട്ടു ഫോണില്‍ വിളിച്ചപ്പോള്‍ സന്തോഷം ഇരട്ടിയായി അനയ് കൃഷ്ണയ്ക്ക്. ഇന്ന് ജില്ലാ കലക്ടറെ നേരിട്ട് കാണാനും നന്ദി പറയാനുമായി അനയ് കൃഷ്ണയും കുടുംബവും ക്ലാസ് ടീച്ചര്‍ എന്‍.പി രജനിയോടൊപ്പം കലക്ട്രേറ്റില്‍ എത്തിയിരുന്നു. ചേംബറില്‍ തന്നെ കാണാന്‍ വന്ന അനയ് കൃഷ്ണയെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു.