THRISSUR

സർദാർ ഗോപാലകൃഷ്ണൻ സ്മാരക മന്ദിരം ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവ്വഹിച്ചു

വലപ്പാട്: സി.പി.ഐ. വലപ്പാട് ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസായ സർദാർ ഗോപാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു. സർദാർ ഗോപാലകൃഷ്ണൻ സ്മാരക മന്ദിരം സാർദാർ ഗോപാലകൃഷ്ണന്റെ പേരിലുള്ള ഒരു സ്മാരകം മാത്രമല്ല നാടിൻറെ അഭിമാന സ്തംഭം കൂടിയാണിതെന്ന് മന്ത്രി കെ. രാജൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കേരളത്തിൽ ആദ്യമായി 1957-ൽ കമ്മ്യൂണിസ്റ്റ് സർക്കാരാണ് ഭൂമി ഇല്ലാത്തവർക്കു ഭൂമി വിതരണം നടത്തി സാധാരണക്കാരന് ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തിയതെന്നും, ഇപ്പോഴത്തെ കേന്ദ്ര സർക്കാർ കേരളത്തിനു നീതിപൂർവ്വകമായ കേന്ദ്ര വിഹിതം നൽകുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ലെന്നും, അർഹമായ ധനസഹായം നൽകാതെ കേന്ദ്ര സർക്കാർ മൗനം പാലിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഐ വലപ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ജി. സുഭാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സി.പി.ഐ. നാട്ടിക മണ്ഡലം കമ്മിറ്റി അംഗം വി.സി. കിഷോർ അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അന്തരിച്ച മുതിർന്ന നേതാക്കളുടെ ഫോട്ടോകൾ അനാച്ഛാദനം ചെയ്തു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ. ജയദേവൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.പി. സന്ദീപ്, ഷീന പറയാങ്ങാട്ടിൽ, മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡൻറ് എം. സ്വർണ്ണലത ടീച്ചർ, നാട്ടിക എം.എൽ.എ. സി.സി. മുകുന്ദൻ, സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ, ജില്ലാ കൗൺസിൽ അംഗം ഗീതാ ഗോപി എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.സിപിഐ വലപ്പാട് എൽ.സി. അസിസ്റ്റന്റ് സെക്രട്ടറി രാജൻ പട്ടാട്ട് നന്ദി രേഖപ്പെടുത്തി.